യാത്രയ്ക്കിടെ കുഴഞ്ഞുവീണ യുവതിക്ക് രക്ഷകരായി കെഎസ്ആർടിസി ബസ്

കോഴിക്കോട്: യാത്രയ്ക്കിടെ കുഴഞ്ഞുവീണ യുവതിക്ക് രക്ഷകരായി കെഎസ്ആർടിസി ബസ് ജീവനക്കാർ. കോഴിക്കോട് നിന്ന് കൂരാച്ചുണ്ട് വഴി തൊട്ടിൽപ്പാലത്തേക്ക് സർവീസ് നടത്തുകയായിരുന്ന ബസിലാണ് യുവതി കുഴഞ്ഞുവീണത്. ഉടനടി ബസ് ആശുപത്രിയിലേയ്ക്ക് പായുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് പുതിയ സ്റ്റാൻഡിൽ നിന്നുമാണ് ബസ് യാത്ര തിരിച്ചത്.
ഇതിനിടെ യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. എരഞ്ഞിപ്പാലത്ത് വൻ ഗതാഗതക്കുരുക്കും ഉണ്ടായിരുന്നു. എന്നാൽ അവയെല്ലാം മറികടന്ന് യുവതിയെ ശരവേഗത്തിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തൊട്ടിൽപ്പാലം ഡിപ്പോയിലെ ജീവനക്കാരനായ സുജീഷ് ആയിരുന്നു ബസ് ഡ്രൈവർ.
യുവതിയുമായി ആശുപത്രിയിലേയ്ക്ക് എത്തുന്നുവെന്ന മുന്നറിയിപ്പിനെ തുടർന്ന് ബസ് ആശുപത്രിയിൽ എത്തുമ്പോഴേക്കും ഡോക്ടർമാരും നഴ്സുമാരും സ്ട്രക്ചറുമായി അത്യാഹിത വിഭാഗത്തിന് മുന്നിൽ സജ്ജരായി നിന്നിരുന്നു. തുടർന്ന് ബസ് എത്തിയതിന് പിന്നാലെ സഹയാത്രികരുടെ സഹായത്തോടെ സ്ട്രക്ചർ ബസിനുള്ളിലേക്ക് കയറ്റി യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.










0 comments