ക്ഷേമ പെൻഷൻ: യുഡിഎഫ് സർക്കാർ വയോജനങ്ങളെ ദുരിതത്തിലാക്കും- സിഐടിയു

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെൻഷൻവിതരണം ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രമാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഉത്തരവ് ലക്ഷക്കണക്കിന് സാധാരണക്കാരായ പെൻഷൻകാരെ ദുരിതത്തിലാക്കുമെന്ന് സിഐടിയു. കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങൾ മുൻനിർത്തി, പാവപ്പെട്ട ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കാണാതെപോകുന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് വഞ്ചനാപരമാണ്. കോർപറേറ്റ് ബാങ്കിങ് ലോബികളെ സഹായിക്കുന്ന നയങ്ങൾക്കാണ് ഈ നടപടിയിലൂടെ യുഡിഎഫ് സർക്കാർ ശ്രമിക്കുന്നത്.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഒരുവിധ ആക്ഷേപങ്ങൾക്കും ഇടനൽകാതെ, സഹകരണ ബാങ്കുകൾവഴി കൃത്യമായി പെൻഷൻ തുക ഗുണഭോക്താക്കളുടെ വീടുകളിൽ എത്തിച്ചിരുന്നു. പ്രായമായവർക്കും അശരണർക്കും വലിയ ആശ്വാസമായിരുന്ന ജനകീയ സംവിധാനത്തെയാണ് അട്ടിമറിക്കുന്നത്. കേന്ദ്രവിഹിതം കിട്ടുന്നില്ലെന്നും സഹകരണ സ്ഥാപനങ്ങൾക്ക് ഇൻസെന്റീവ് നൽകേണ്ടിവരുമെന്നുമുള്ള ബാലിശമായ ന്യായങ്ങളാണ് സർക്കാർ ഇതിനായി നിരത്തുന്നത്. ജനങ്ങളെ ദുരിതത്തിലാക്കുന്നതിനൊപ്പം, സഹകരണ സ്ഥാപനങ്ങളിലൂടെ പെൻഷൻ വിതരണം നടത്തിയിരുന്ന കലക്‌ഷൻ ഏജന്റുമാരുടെ ജീവിതമാർഗംകൂടിയാണ് ഇല്ലാതാക്കുന്നത്. പാവപ്പെട്ട ജനങ്ങളുടെ അവകാശങ്ങൾ കവരുന്നതിനും കേരളത്തിലെ സഹകരണമേഖലയെ തകർക്കുന്നതിനുമുള്ള യുഡിഎഫ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തണമെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു.









0 comments