‘കരുതൽ’ പദ്ധതി ഉദ്‌ഘാടനംചെയ്‌തു
പദ്ധതികള്‍ പ്രയോജനപ്പെടുത്തണം: മന്ത്രി ഒ ആർ കേളു

ചേർത്തല മണ്ഡലത്തിൽ ആദിവാസി ഉന്നമനത്തിനുള്ള ‘കരുതൽ’ പദ്ധതി മന്ത്രി ഒ ആർ കേളു ഉദ്‌ഘാടനംചെയ്യുന്നു. മന്ത്രി പി പ്രസാദ് സമീപം
ചേര്‍ത്തല
ജീവിത നിലവാരം ഉയർത്തി മുഖ്യധാരയിലെത്താൻ ആദിവാസികൾ ഉണരണമെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു. ചേർത്തല നിയോജകമണ്ഡലത്തിലെ പട്ടികവർഗ വിഭാഗക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘കരുതൽ’ പദ്ധതി ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും നടപ്പാക്കുന്ന പദ്ധതികള്‍ പ്രയോജനപ്പെടുത്താന്‍ ജാഗ്രതയോടെ ഉണർന്ന് പ്രവർത്തിക്കണം. ആദിവാസികളുടെ ഉന്നമനത്തിന് സമഗ്രമായ പദ്ധതികൾ നടപ്പാക്കാൻ സർക്കാരും എസ്‌സി–എസ്‌ടി കോർപറേഷനും ഉണ്ട്. ഭൂമിയില്ലാത്തവർക്ക് ഭൂമി വാങ്ങാനുള്ള പദ്ധതിക്ക് രണ്ടാഴ്‌ചമുന്പ് ഉത്തരവിറക്കി. ലൈഫ് മിഷനിലൂടെ ഭവനപദ്ധതിയും ഉണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും തൊഴിൽ സംരംഭത്തിനും സഹായം നൽകുമെന്നും മന്ത്രി പറഞ്ഞു. പട്ടികവർഗ വകുപ്പും കുടുംബശ്രീ മിഷനും തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ചേർന്നാണ് കരുതൽ പദ്ധതി നടപ്പാക്കുക. കുടുംബശ്രീ മിഷൻ വിവരശേഖരണത്തിലൂടെ മണ്ഡലത്തിൽ 295 കുടുംബങ്ങളെയാണ് കണ്ടെത്തിയത്. ഓരോ കുടുംബത്തിനും മൈക്രോപ്ലാൻ തയ്യാറാക്കിയാണ് നടപ്പാക്കുക. മന്ത്രി പി പ്രസാദ് അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ–ഓര്‍ഡിനേറ്റര്‍ എസ് രഞ്ജിത്ത് മൈക്രോപ്ലാന്‍ മന്ത്രി ഒ ആര്‍ കേളുവിന് കൈമാറി. സംസ്ഥാന പ്രോഗ്രാം മാനേജര്‍ എം പ്രഭാകരന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പട്ടികവര്‍ഗ ഓഫീസര്‍ എസ് വിധുമോള്‍ പദ്ധതികൾ വിശദീകരിച്ചു. തദ്ദേശ ഭരണസാരഥികളായ എന്‍ എല്‍ വത്സലകുമാരി, എം സന്തോഷ്‌കുമാര്‍, ടി ടി വിക്രമന്‍, ബിന്ദു മുരളി, സംഘടനാ നേതാക്കളായ കെ സി ആന്റണി, ജോമി ചെറിയാന്‍, കെ മഹേശന്‍, അജി പുന്നപ്ര, കെ പൊന്നപ്പന്‍, എസ് രാധാകൃഷ്‌ണന്‍, ആര്‍ ബാബു എന്നിവര്‍ സംസാരിച്ചു.










0 comments