എൽഡിഎഫ് ബഹുദൂരം മുന്നിൽ പൂഞ്ഞാറിൽ ചലനമുണ്ടാക്കാതെ കോൺഗ്രസ്

എൽഡിഎഫ് ഏറ്റുമാനൂർ മണ്ഡലം സ്ഥാനാർഥി വി എൻ വാസവന് അയ്മനം പഞ്ചായത്തിൽ വല്യാട് മാടശേരിയിൽ നൽകിയ സ്വീകരണം
പൂഞ്ഞാർ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായതോടെ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഒന്ന് വ്യക്തം; മത്സരം എൽഡിഎഫ-ും എൻഡിഎയും തമ്മിൽ. തീവ്രവർഗീയതയുടെ വക്താവായ പി സി ജോർജിനെതിരെയുള്ള ജനരോഷം ശക്തമാണ് ഇവിടെ. മതനിരപേക്ഷതയ്‌ക്ക് മുൻതൂക്കം നൽകിയാണ് എൽഡിഎഫിന്റെ പ്രവർത്തനങ്ങൾ. ബിജെപിയുടെ ഏക അക്കൗണ്ട് കേരളത്തിൽ പൂട്ടിച്ച എൽഡിഎഫിനോടാണ് പൂഞ്ഞാറിലെ ജനങ്ങളുടെ പിന്തുണയെന്ന് വ്യക്തം. ബിജെപി എ ക്ലാസ് മണ്ഡലങ്ങളായി കണക്കാക്കുന്നതാണ് പൂഞ്ഞാർ, പാലാ, കാഞ്ഞിരപ്പള്ളി എന്നിവ. സ്വതന്ത്ര പ്രച്ഛനവേഷവും ചിഹ്നവും അഴിച്ചുവച്ച് ബിജെപി സ്ഥാനാർഥിയായി താമര ചിഹ്നത്തിലാണ് പി സി ജോർജും മകൻ ഷോൺ ജോർജും(പാലാ) മത്സരിക്കുന്നത്. വടക്കേന്ത്യയിൽ ബിജെപി നേതാക്കൾ ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തുന്ന വിദ്വേഷത്തെ വെല്ലുന്നതാണ് പി സി ജോർജിന്റെ പ്രസംഗവും പ്രസ്‌താവനകളും. എൽഡിഎഫ് സർക്കാർ രണ്ട് തവണ അറസ്‌റ്റ് ചെയ്‌ത് ജയിലിൽ അടച്ചു. കോടതിയിൽനിന്ന് ജാമ്യമെടുത്താണ് പുറത്തിറങ്ങിയത്. കേരളം അംഗീകരിക്കാത്ത മതവിദ്വേഷ പ്രചാരണം അദ്ദേഹം ആടയാഭരണങ്ങളായാണ് കാണുന്നത്. ഏഴ് തവണ ജയിച്ച പി സി ജോർജിന് പൂഞ്ഞാറിലെ ജനങ്ങൾ 2021ൽ നൽകിയത് കനത്ത തോൽവി. എൽഡിഎഫ് സ്ഥാനാർഥി സെബാസ്‌റ്റ്യൻ കുളത്തുങ്കൽ 16,581 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു. കേരള ജനപക്ഷം സ്ഥാനാർഥിയായി കഴിഞ്ഞ തവണ മത്സരിച്ച പി സി ജോർജ് 41,851 വോട്ട് നേടിയാണ് രണ്ടാംസ്ഥാനത്തെത്തിയത്. എൻഡിഎക്ക് വേണ്ടി മത്സരിച്ച ബിഡിജെഎസിന് 2,965 വോട്ട്‌മാത്രമാണ് ലഭിച്ചത്. 2016ലെ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് 19,966 വോട്ടുനേടി. കഴിഞ്ഞതവണ പി സി ജോർജിന് ബിജെപി വോട്ടുകൾ മറിച്ചു. പിന്നീട് അദ്ദേഹം ബിജെപിയിൽ ചേർന്നു. യുഡിഎഫ് സ്ഥാനാർഥിക്ക് 34,633 വോട്ടാണ് ലഭിച്ചത്. സമീപകാലത്തൊന്നും ഇവിടെ കോൺഗ്രസ് ജയിച്ച ചരിത്രമില്ല. 1957, 60 വർഷങ്ങളിൽ ഒഴിച്ച് കേരള കോൺഗ്രസാണ് ജയിച്ചിട്ടുള്ളത്. 1987ൽ ജനതാദളിലെ എൻ എം ജോസഫും ജയിച്ചു.










0 comments