ചക്കുളത്തുകാവിൽ പൊങ്കാല ഇന്ന്

ചക്കുളത്തുകാവിൽ പൊങ്കാലയ്ക്കായി എത്തിയവർ
മങ്കൊമ്പ്
ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവം വ്യാഴാഴ്‌ച നടക്കും. ക്ഷേത്രത്തിൽനിന്ന് കിലോമീറ്ററോളം ദൂരത്തിൽ പൊങ്കാല കലങ്ങൾ നിരക്കും. തകഴി, തിരുവല്ല, കോഴഞ്ചേരി, ചെങ്ങന്നൂർ, പന്തളം, കിടങ്ങറ, പൊടിയാടി, മാന്നാർ, മാവേലിക്കര, ഹരിപ്പാട് എന്നിവിടങ്ങളിലേക്കുള്ള റോഡുകളിലാണ് പൊങ്കാല അടുപ്പുകൾ ഒരുക്കുന്നത്. 3000 ഓളം വോളന്റിയർമാരെ ഇൻഫർമേഷൻ സെന്ററുകളിലും പാർക്കിങ് സ്ഥലങ്ങളിലും വിന്യസിച്ചിട്ടുണ്ട്. വിവിധ ഡിപ്പാർമെന്റുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സാമുദായിക-സാമൂഹിക- സാംസ്‌കാരിക സന്നദ്ധസംഘടനകൾ പൊങ്കാല നടത്തിപ്പിന് നേതൃത്വം നൽകും. സുരക്ഷ ക്രമീകരണങ്ങൾക്ക് പോലീസ്, അഗ്‌നിരക്ഷാസേന, എക്‌സൈസ് എന്നിവരുടെ സേവനം പത്തനംതിട്ട, ആലപ്പുഴ കലക്‌ടർമാരുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. പുലര്‍ച്ചെ നാലിന് നിര്‍മാല്യദര്‍ശനത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽനിന്ന് മുഖ്യ കാര്യദർശി രാധാകൃഷ്‌ണൻനമ്പൂതിരി പണ്ടാര പൊങ്കാലയിൽ അഗ്‌നി പകരുന്നതോടെ പൊങ്കാലയ്‌ക്ക് തുടക്കംകുറിക്കും. മേൽശാന്തിമാരായ അശോകൻനമ്പൂതിരി, രഞ്‌ജിത്ത് ബി നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിക്കും. പൊങ്കാലയ്‌ക്ക് മുന്നോടിയായി നടക്കുന്ന വിശ്വാസസംഗമം തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ പനീർശെൽവം ഭദ്രദീപം പ്രകാശിപ്പിക്കും. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻനമ്പൂതിരി അധ്യക്ഷനാകും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ പൊങ്കാല ഉദ്ഘാടനംചെയ്യും. വൈകിട്ട് അഞ്ചിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. തോമസ് കെ തോമസ്എംഎൽഎ അധ്യക്ഷനാകും.









0 comments