റേഷൻ ധാന്യം പടിച്ചെടുത്ത സംഭവം
വീണ്ടും പരിശോധനയ്‌ക്ക് പൊലീസ്


സ്വന്തം ലേഖകൻ
Published on Oct 29, 2026, 02:42 AM | 1 min read
ആലപ്പുഴ
റേഷൻ ഭക്ഷ്യധാന്യം കടത്താൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ പരിശോധനയ്‍ക്ക് പൊലീസും സിവിൽസപ്ലൈസും. പിടിച്ചെടുത്തതിൽ ഭൂരിഭാഗവും പഴകിയതാണെന്നും വിവിധ അരികൾ ഇടകലർത്തിയ നിലയിലാണെന്നും ആദ്യ പരിശോധനയിൽ കണ്ടെത്തിയിരുന്നു. വാഹനത്തിലുള്ള ബാക്കി ധാന്യംകൂടി പരിശോധിച്ച് റേഷനരിയാണെന്ന് ഉറപ്പിച്ചാകും പൊലീസിന്റെ തുടർ നടപടി. ഇതിനായി ഓരോ ചാക്കും സിവിൽ സപ്ലൈസ് അധികൃതർ പരിശോധിക്കും. പൊലീസ് സ്‌റ്റേഷനിലാണ് ധാന്യം സൂക്ഷിച്ചിരിക്കുന്നത്. പൊലീസ് ധാന്യം പിടിച്ചെടുത്താൽ സിവിൽ സപ്ലൈസ് അധികൃതർ ഏറ്റെടുത്ത് അടുത്തുള്ള എൻഎഫ്എസ്എ ഗോഡൗണിൽ നൽകുകയാണ് പതിവ്. ധാന്യങ്ങൾ ഉപയോഗയോഗ്യമല്ലാത്തതിനാൽ കോടതിയുടെയോ കലക്‍ടറുടെയോ നിർദേശമനുസരിച്ചായിരിക്കും തുടർനടപടി. സിവിൽ സപ്ലൈസ് അധികൃതർ ഭക്ഷ്യവകുപ്പിനും കലക്‍ടർക്കും റിപ്പോർട്ട് കൈമാറി. തിങ്കൾ രാത്രി എട്ടോടെയാണ് ഇരവുകാട് മാളികപ്പറമ്പ് ജങ്ഷന് സമീപത്തെ പുരയിടത്തിൽനിന്ന് 83 ചാക്ക് അരിയും 14 ചാക്ക് ഗോതമ്പും 100 ചാക്ക് അരി മിനിലോറിയിൽ കയറ്റിയ നിലയിലും ആലപ്പുഴ സൗത്ത് പൊലീസ് പിടിച്ചെടുത്തത്. അറസ്‌റ്റിലായ എൻഎഫ്എസ്എ ഗോഡൗണിലെ ജീവനക്കാരായ സപ്ലൈകോ അസിസ്‌റ്റന്റ് സെയിൽസ്‍മാൻമാരായ സിബി, ജെസ്‌റ്റിൻ സ്‌റ്റീഫൻ, പിടികൂടിയ വാഹനത്തിലുണ്ടായിരുന്ന ഷിഹാബ്, സുബീർ എന്നിവരെ കോടതി ജാമ്യത്തിൽ വിട്ടു. അറസ്‌റ്റ് ചെയ്‍ത ജീവനക്കാര്‍ക്കെതിരായ വകുപ്പുതല നടപടി റീജണൽ മാനേജറുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം തീരുമാനിക്കുമെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു.








0 comments