വിജിലൻസ് ടി സെക്ഷൻ; വിവരാവകാശ പരിധിയിൽനിന്ന് ഒഴിവാക്കിയതിൽ വിശദീകരണം തേടി

കൊച്ചി : വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ രണ്ട് വിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയതിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. ടി 1, ടി 2 സെക്ഷനുകളെ പരിധിയിൽനിന്ന് ഒഴിവാക്കിയതിനെതിരെ ആർടിഐ കേരള ഫെഡറേഷനും അഭിഭാഷകനായ പി കെ മുരളീകൃഷ്ണനും നൽകിയ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഷൗമെൻ സെൻ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് വിശദീകരണം തേടിയത്. സർക്കാർ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം പരിഗണിച്ചില്ല.
ഉന്നത ഉദ്യോഗസ്ഥർക്കെതിരായ അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ കൈകാര്യം ചെയ്യുന്ന വിഭാഗങ്ങളെയാണ് നിയമസഭാസമ്മേളനം നടക്കുന്നതിനിടെ ഒക്ടോബർ 22ന് അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ വിവരാവകാശ നിയമപരിധിയിൽനിന്ന് ഒഴിവാക്കിയത്. ഇതിനുമുന്പ് വിജിലൻസിലെ ടി വിഭാഗത്തെ പൂർണമായും വിവരാവകാശ നിയമത്തിൽനിന്ന് ഒഴിവാക്കിയ ഉത്തരവ് ഹൈക്കോടതി നിയമനടപടികൾക്ക് പിന്നാലെ പിൻവലിച്ചിരുന്നു. അതേ വിഭാഗത്തിലെ രണ്ട് സെക്ഷനുകളെ വീണ്ടും ഒഴിവാക്കിയത് സുതാര്യതയെയും പൊതുജനങ്ങളുടെ അറിയാനുള്ള അവകാശത്തെയും ബാധിക്കുമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.
വിവരാവകാശ നിയമത്തിലെ വകുപ്പ് 24(4) പ്രകാരം അഴിമതിയും മനുഷ്യാവകാശ ലംഘനങ്ങളും സംബന്ധിച്ച വിവരങ്ങൾക്ക് നിയമപരമായ സംരക്ഷണമുണ്ടെന്നും ഒക്ടോബർ 22ലെ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. അതീവ രഹസ്യസ്വഭാവത്തിന്റെ ഗണത്തിൽ ഇവ വരുന്നില്ലെന്ന സുപ്രീംകോടതി ഉത്തരവും ചൂണ്ടിക്കാട്ടി.
അതീവ രഹസ്യസ്വഭാവമുള്ളതായതിനാൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന വാദമാണ് സർക്കാർ ഉന്നയിച്ചത്. തുടർന്നാണ് ഇക്കാര്യത്തിൽ കോടതി വിശദീകരണം തേടിയത്. വിവരാവകാശത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയ സെക്ഷനുകളിൽ ഉൾപ്പെടുന്നത് എന്തൊക്കെയെന്ന് വിശദീകരിച്ച് മൂന്നാഴ്ചയ്ക്കകം സത്യവാങ്മൂലം ഫയൽ ചെയ്യാനാണ് സർക്കാരിനോട് നിർദേശിച്ചിട്ടുള്ളത്.








0 comments