തീരത്തെ വലച്ച് ഇന്ധന വിലവർധന
കടൽ നൽകിയാലും കടം തീരില്ല


സ്വന്തം ലേഖകൻ
Published on May 23, 2026, 01:37 AM | 2 min read
ആലപ്പുഴ
വറുതിയുടെ കാലംകഴിച്ചുകൂട്ടി പ്രതീക്ഷകളോടെ കടലിലിറങ്ങിയ മത്സ്യത്തൊഴിലാളികളെ വലച്ച് ഇന്ധന വിലവർധന. കടൽ കനിഞ്ഞാലും വലിയ പ്രവർത്തനച്ചെലവ് കഴിഞ്ഞ് കടം തീർക്കാനാകാത്ത അവസ്ഥയാണ്. ഇന്ധനവില വർധനവിൽ ഒരുപോലെ ആശങ്കയിലാണ് ബോട്ടുടമകളും പരമ്പരാഗത മത്സ്യത്തൊഴിലാളികളും. ശക്തമായ വേനൽമഴയിൽ കടലിന്റെ അടിത്തട്ടിളകി വീണ്ടും മത്സ്യമെത്തിയതോടെ പ്രതീക്ഷയിലായിരുന്നു തീരം.
ഭീമമായ പണം കണ്ടെത്തി കടലിൽപ്പോയി അത്യാവശ്യം മീൻ ലഭിച്ചാലും ചെലവ് കഴിഞ്ഞ് തുച്ഛമായ തുക മാത്രമാണ് ലഭിക്കുക. പ്രവർത്തനച്ചെലവ് കഴിഞ്ഞുള്ള തുകയാണ് തൊഴിലാളികളും ബോട്ടുടമകളും പങ്കിട്ടെടുക്കുന്നത്. കടലിൽനിന്ന് ലഭിക്കുന്നത് കുറഞ്ഞാൽ കടമാകും. വീണ്ടും കടലിലിറങ്ങാൻ വലിയ തുക വീണ്ടും കണ്ടെത്തണം. അതുവരെ തൊഴിൽ നഷ്‌ടമാകും. മത്സ്യം കിട്ടിത്തുടങ്ങി ഒരാഴ്‌ചയാകും മുമ്പ് ഇന്ധവില ഉയർത്തി. ബോട്ടുകളും ഇൻബോർഡ് വള്ളങ്ങളും 
പരമ്പരാഗത വള്ളങ്ങളും ഉൾപ്പെടെ 1,679 യാനങ്ങളാണ് മത്സ്യബന്ധനത്തിനുള്ളത്. ജൂൺ ഒമ്പതിന് ട്രോളിങ് നിരോധനം ആരംഭിക്കുന്നതോടെ ബോട്ടുകളും ഇൻബോർഡ് വള്ളങ്ങളും നങ്കൂരമിടും. ചുരുങ്ങിയ ദിവസത്തിനിടെ വിലപ്പെട്ട സമയം നഷ്ടമാകുന്നത് ഇരട്ടി പ്രഹരമാണ്. ട്രോളിങ് ആരംഭിക്കുന്നതോടെ കൂടുതൽ പരമ്പരാഗത വള്ളങ്ങൾ കടലിലിറങ്ങും. അതോടെ കരിഞ്ചന്തയിലും മണ്ണെണ്ണ കിട്ടാതാകുമെന്ന് തൊഴിലാളികൾ പറയുന്നു.
അധികം കണ്ടെത്തേണ്ടത് 30,000 വരെ
മണിക്കൂറിൽ 30–40 ലിറ്റർ ഡീസൽ ആവശ്യമുള്ള ബോട്ടുകൾക്ക് ആഴ്‌ചകളുള്ള മത്സ്യബന്ധനത്തിന് 5,000–6,000 ലിറ്റർവരെ വേണം. വില വർധിച്ചതോടെ 20,000–30,000 രൂപയോളം അധികം കണ്ടെത്തണം. മൂന്ന് ദിവസംവരെ കടലിൽ കഴിയുന്ന ചെറുബോട്ടുകൾക്ക് പോയി മടങ്ങിയെത്താൻ 2,000 ലിറ്റർ വേണ്ടിവരും. ഇതിനായി 8,000–10,000 രൂപയോളം അധികം കണ്ടെത്തണം. 12 മണിക്കൂറത്തേക്ക് ഇൻബോർഡ് വള്ളങ്ങൾക്കും ഒപ്പമുള്ള രണ്ടുകാരിയർ വള്ളങ്ങൾക്കുമായി 30,000രൂപയോളം ഇന്ധന ചെവല് മാത്രംവരും. ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസലും കാരിയർ വള്ളങ്ങളിൽ പെട്രോളും മണ്ണെണ്ണയുമാണ് ഇന്ധനം. 8,000–10,000 രൂപയോളം അധികംവേണം. പരമ്പരാഗത വള്ളങ്ങൾക്ക് ശരാശരി 200 ലിറ്റർ മണ്ണെണ്ണയാകും. സബ്സിഡി മണ്ണെണ്ണയുടെ വിലയിൽ ഏപ്രിലിൽ 52.37 രൂപയുടെ വർധനയാണ് കേന്ദ്രം വരുത്തിയത്. നിലവിൽ ലിറ്ററിന് 155.37രൂപ നൽകണം. എൻജിനും യാത്രയും കൂടുമ്പോൾ ചെലവിനിയും കൂടും.
അറ്റകുറ്റപ്പണിക്കും ചെലവേറി
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം ബോട്ട് നിർമാണ മേഖലയെയും തകിടംമറിച്ചു. അസംസ്കൃത വസ്തുക്കളായ റെസിൻ, അപ്പോക്സി പെയിന്റ്, ആന്റി പോളിൻ, തിന്നർ എന്നിവയ്ക്ക് ശരാശരി 40ശതമാനംവരെ വില വർധിച്ചു. വർഷത്തിൽ രണ്ടുതവണ ബോട്ടുകൾ പെയിന്റ് ചെയ്യാൻ ഒരുലക്ഷം രൂപ വേണ്ടിടത്ത് ഇപ്പോൾ 1.30 ലക്ഷം ചെലവാകും.
ട്രോളിങ് നിരോധന സമയത്താണ് ഭൂരിഭാഗം ബോട്ടുകളുടെയും അറ്റകുറ്റപ്പണി. നിരോധനത്തിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, ഈ മേഖലയെ മാത്രം ആശ്രയിച്ചു കഴിയുന്ന നിർമാണശാല ഉടമകളും തൊഴിലാളികളും എന്തുചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്.










0 comments