ചൂടാകാതെ കരുതാം ആരോഗ്യം


സ്വന്തം ലേഖകൻ
Published on Feb 16, 2026, 01:06 AM | 1 min read
ആലപ്പുഴ
ചൂട് വർധിക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ഉയർന്നചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പകൽ 11 മുതല്‍ മൂന്നുവരെ കൂടുതൽ സമയം നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ പകല്‍ ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്‌ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലത്. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആർസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കുക.
തീപിടിത്തത്തിനും സാധ്യത
കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡന്പിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടിത്തം ഉണ്ടാകാൻ സാധ്യതയുണ്ട് . ഫയർ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും വേണം. കാട്ടുതീ വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണം. അസംബ്ലികൾ ഒഴിവാക്കണം വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ശുദ്ധമായ കുടിവെള്ളവും ക്ലാസുകളിൽ വായു സഞ്ചാരവും ഉറപ്പാക്കണം. കുട്ടികൾ വെയിലേൽക്കുന്ന അസംബ്ലികളും പരിപാടികളും ഒഴിവാക്കുകയോ സമയം ക്രമീകരിക്കുകയോ ചെയ്യണം. 11 മുതല്‍ മൂന്നുവരെ കുട്ടികള്‍ നേരിട്ട് ചൂട് ഏല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം. അങ്കണവാടി കുട്ടികൾക്ക് ചൂട് ഏൽക്കാതിരിക്കാൻ പഞ്ചായത്ത് അധികൃതർ ശ്രദ്ധിക്കണം.
രോഗികൾ ശ്രദ്ധിക്കണം
പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗികൾ തുടങ്ങിയവർ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെ ശ്രദ്ധിക്കണം. ഇരുചക്രവാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണവിതരണം നടത്തുന്നവരുടെ സുരക്ഷ സ്ഥാപനങ്ങൾ ഉറപ്പാക്കണം. ചൂടുകാലത്തിന് ഉതകുന്ന വസ്‌ത്രം ധരിക്കാൻ നിർദേശിക്കണം. പൊതുപരിപാടികളിലും സമ്മേളനങ്ങളിലും കുടിവെള്ളവും തണലും സംഘാടകർ ഉറപ്പാക്കണം.
ജോലി സമയം ക്രമീകരിക്കണം
യാത്രക്കാർ വിശ്രമം ഉറപ്പാക്കണം. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കണം. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും വളർത്തുമൃഗങ്ങളെ കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കണം. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്‌ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല. വെള്ളം പാഴാക്കാതെ ഉപയോഗിക്കാനും മഴയിൽ പരമാവധി സംഭരിക്കാനും ശ്രമിക്കണം. അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ വൈദ്യസഹായം തേടണം.










0 comments