Deshabhimani

പരുമല പള്ളിപെരുന്നാൾ 26 മുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2026, 12:25 AM | 2 min read

മാന്നാർ

മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 124-ാം ഓർമപ്പെരുന്നാൾ 26 മുതൽ നവംബർ രണ്ട് വരെ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 26ന് പകല്‍ രണ്ടിന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പെരുന്നാൾ കൊടിയേറ്റ് നടത്തും. ഒരാഴ്‌ച നീണ്ടു നിൽക്കുന്ന തീർഥാടന വാരാഘോഷ പൊതുസമ്മേളനം പേട്രൺസ് ഡേ സെലിബ്രേഷനും പകല്‍ മൂന്നിന് കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. 27 ന് രാവിലെ 7ന് വിശുദ്ധ കുർബാന, തുടര്‍ന്ന് മെത്രാപോലീത്താ പദവിയിലേക്ക് നിയോഗിതരായ വൈദികരുടെ റമ്പാൻ സ്ഥാനാരോഹണവും എന്നിവ നടക്കും. 2.30ന് മദ്യവർജന ബോധവത്കരണം ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും. 3.30ന് പരിസ്ഥിതി സെമിനാർ വർഗീസ് മാമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. 28ന് രാവിലെ 10ന് അഖില മലങ്കര മർത്തമറിയം വനിതാ സമാജം സമ്മേളനം, 2.30 ന് വിവാഹ ധനസഹായ വിതരണം എന്നിവ നടക്കും. 29ന് രാവിലെ 10ന് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പ് വാർഷിക നേതൃസംഗമം, 2.30ന് ഗുരു സ്മൃതി പ്രോഗ്രാം എന്നിവ നടക്കും. 30ന് പുലർച്ചെ അഞ്ചിന് ചാപ്പലിൽ വി. കുർബാനയ്ക്ക് ഡോ. ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപോലീത്താ പ്രധാന കാർമികനാകും. 10.30ന് പള്ളിയിൽ അഖില മലങ്കര പ്രാർഥനാ യോഗവും 3.15ന് കർഷക സംഗമം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 31 ന് രാവിലെ 10 ന് ബസ്കോമ്മോ അസോസിയേഷൻ സമ്മേളനം ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപോലീത്തയും പകല്‍ രണ്ടിന് യുവജന സംഗമം മന്ത്രി എം ലിജുവും ഉദ്ഘാടനം ചെയ്യും. നവംബർ ഒന്നിന് പകല്‍ 2.30 ന് തീർഥാടന വാരാഘോഷ സമാപന സമ്മേളനം കാതോലിക്കാ ബാവാ തിരുമേനി ഉദ്ഘാടനം ചെയ്യും. പത്മഭൂഷൺ മമ്മൂട്ടി മുഖ്യ അതിഥിയായിരിക്കും. കൊടിക്കുന്നിൽ സുരേഷ് എം പി, സജി ചെറിയാൻ എംഎൽഎ എന്നിവർ പങ്കെടുക്കും. രണ്ടിന് രാത്രി 12 ന് മാർ ഗ്രീഗോറിയോസ് വിദ്യാർഥി പ്രസ്ഥാന സമ്മേളനം, രണ്ടിന് റാസ, ആശീർവാദം, കൊടിയിറക്ക് എന്നിവ നടക്കും. വാർത്താസമ്മേളനത്തിൽ പരുമല കൗൺസിൽ സെക്രട്ടറി ബിജു ഉമ്മൻ, ഫാ. യാക്കോബ് തോമസ് റമ്പാൻ, ഫാ. ജെ മാത്തുക്കുട്ടി, ഫാ. ഗീവർഗീസ് മാത്യു, മാത്യു ഉമ്മൻ അരികുപുറം, പിഎ ജോസ് പുത്തൻപുരയിൽ, മനോജ് പി ജോർജ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home