പഴയ സ്‌കൂൾ കെട്ടിടത്തിന് സുരക്ഷയൊരുക്കുന്നില്ല
ഫിറ്റ്നസിനായി ഉദ്യോഗസ്ഥർക്ക് പഞ്ചായത്തിന്റെ ഭീഷണി

സ്വന്തംലേഖകൻ
Published on Jun 12, 2026, 12:42 AM | 1 min read
മങ്കൊമ്പ്
പഴയ സ്‌കൂൾ കെട്ടിടത്തിന് സുരക്ഷയൊരുക്കാതെ ഫിറ്റ്‌നസ് ലഭിക്കാൻ ഭീഷണിയിലൂടെ ഉദ്യോഗസ്ഥരെ വരുതിയിലാക്കാൻ പഞ്ചായത്ത് അധികൃതർ. 115 വർഷം പഴക്കമുള്ള തലവടി ന്യൂ എൽപി സ്‌കൂൾ കെട്ടിടത്തിന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഫിറ്റ്‌നസ് നേടാൻ ശ്രമിക്കുകയാണ് തലവടി പഞ്ചായത്ത് അധികൃതർ. പഴയ കെട്ടിടത്തിലെ ക്ലാസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. പഞ്ചായത്തിലെ മൂന്ന് സ്‌കൂളിന്റെ ക്ലാസ്‌മുറികൾ പരിശോധിച്ച ഉദ്യോഗസ്ഥർ ഫിറ്റ്നസ് നൽകിയിരുന്നില്ല. അപകടസാധ്യത ഉള്ളതിനാൽ ന്യൂ എൽപി സ്‌കൂളിലെ പഴയ കെട്ടിടത്തിനാണ് പൂട്ടുവീണത്. അധ്യയനവർഷം തുടങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും ക്ലാസ് മുറികൾ അറ്റകുറ്റപ്പണി ചെയ്യാൻ നടപടിയില്ല. ആ മുറികളിൽ ഇരുത്തുന്നത് കുട്ടികളുടെ സുരക്ഷയ്‌ക്ക് ഭീഷണിയായതിനാലാണ് ഫിറ്റ്നസ് നൽകാത്തതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതോടെ ഭീഷണിയുമായി യുഡിഎഫ് രാഷ്‌ട്രീയനേതൃത്വം ഇടപെട്ടു. അറ്റകുറ്റപ്പണി ചെയ്യാതെ ഫിറ്റ്നസ് കൊടുക്കണമെന്ന നിർദേശമാണ് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി ഉദ്യോഗസ്ഥർക്ക് നൽകുന്നത്. കുട്ടനാട് എംഎൽഎ കൂടി പങ്കെടുത്ത യോഗത്തിലാണ് അസാധാരണ നടപടി. ഇത് ഉദ്യോഗസ്ഥർക്കിടയിലും യുഡിഎഫിലെ ജനപ്രതിനിധികൾക്കിടയിലും എതിർപ്പുണ്ടാക്കി. സ്‌കൂൾ തുറക്കും മുന്പ് കെട്ടിടങ്ങൾ ഭരണസമിതിക്ക് നേതൃത്വം നൽകുന്നവർ പരിശോധിക്കുകയും അവശ്യംവേണ്ട അറ്റകുറ്റപ്പണി ചെയ്‌ത് കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുകയുമാണ് ചെയ്യാറുള്ളത്. ആ സ്ഥാനത്താണ് അധികൃതരുടെ വളഞ്ഞവഴി. ഫിറ്റ്‌നസിന്റെ പേരിൽ മറ്റ് ജീവനക്കാരുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും മുന്നിൽ ജീവനക്കാരിയെ അപമാനിച്ചെന്നും പരാതിയുണ്ട്. ഇതിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.










0 comments