സ്‌നേഹസമ്മാനങ്ങൾ നട്ടുനനച്ചൊരു നന്മമരം

കൊല്ലക്കയിൽ ദേവകിയമ്മ തപോവനത്തിലെ കമണ്ഡലു മരത്തിന് സമീപം
ഗോകുൽ ഗോപി
Published on Jan 26, 2026, 12:32 AM | 1 min read
ആലപ്പുഴ
പരിസ്ഥിതിശാസ്‌ത്രത്തിലോ അനുബന്ധവിഷയങ്ങളിലോ വിദഗ്‌ധയല്ല, ആഗോളതാപനത്തെക്കുറിച്ചോ പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചോ ആധികാരിക അറിവില്ല. എന്നാൽ ഭൂമിക്ക് ശ്വാസംപകരുന്ന മരങ്ങൾ നശിക്കുന്നതിനെപ്പറ്റി ദേവകിയമ്മ അറിഞ്ഞു. ജീവിത പങ്കാളിയായ ഗോപാലകൃഷ്ണപിള്ള യാത്രകൾക്ക് ശേഷം മടങ്ങിയെത്തുമ്പോൾ സമ്മാനമായി നൽകിയ മരത്തിന്റെ വിത്തിലാണ് ദേവകിയമ്മ ആദ്യപരീക്ഷണം തുടങ്ങിയത്. ആ സ്നേഹസമ്മാനങ്ങളെ നട്ടുനനച്ചപ്പോൾ കാടില്ലാത്ത ആലപ്പുഴയ്‌ക്ക് ലഭിച്ചത് മൂവായിരത്തോളം അപൂര്‍വ ഔഷധസസ്യങ്ങളുടെ നിബിഡവനം. ഇപ്പോഴിതാ 92–ാം വയസിൽ കണ്ടല്ലൂർ പുതിയവിള കൊല്ലക്കയിൽ ദേവകിയമ്മയെ തേടി പത്മശ്രീ പുരസ്‌കാരവും. 1980-ലുണ്ടായ വാഹനാപകടമാണ് ദേവകിയമ്മയുടെ ജീവിതത്തെ മാറ്റിമറിച്ചത്. വലതുകാലിന് ഗുരുതര പരിക്കേറ്റ് മൂന്ന് വർഷം കിടപ്പിലായി. എന്നാൽ മനക്കരുത്ത് വിടാതെ തീരദേശവീടിനോട് ചേർന്ന മൂന്നര ഏക്കർ തരിശ് ഭൂമിയെ പച്ചപ്പണിയിച്ചു. ‘തപോവനം’ എന്ന് പേരിട്ട ഈ വനം ഇന്ന് അനേകം പക്ഷികൾക്കും മൃഗങ്ങൾക്കും അപൂർവ സസ്യങ്ങൾക്കും അഭയസ്ഥാനമാണ്. 200-ലധികം ഇനം മരങ്ങളും കുറ്റിച്ചെടികളും വംശനാശ ഭീഷണിയുള്ള സസ്യങ്ങളും ഇവിടുണ്ട്. 2018ൽ കേന്ദ്രസർക്കാരിന്റെ നാരീശക്തി അവാർഡ്, 2003 ഇന്ദിര പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്, 2010ൽ സംസ്ഥാന സർക്കാരിന്റെ വനമിത്ര അവാർഡ് എന്നിവയും ലഭിച്ചു. രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും ആദരിച്ചു. 71–ാം റിപ്പബ്ലിക് ദിന സന്ദേശത്തിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ദേവകിയമ്മയെ പരാമർശിച്ചിരുന്നു. തിരുവനന്തപുരം എൻജിനിയറിങ് കോളേജിലെ പരിസ്ഥിതി വിഭാഗം മേധാവിയായിരുന്ന മൂത്തമകൾ ഡി തങ്കമണിക്ക് 2004ൽ വൃക്ഷമിത്ര അവാർഡ് ലഭിച്ചിരുന്നു. മറ്റുമക്കൾ: ഇന്ദിരാകുമാരി, ഉഷാകുമാരി, പത്മകുമാർ, നന്ദകുമാർ. നന്ദകുമാറിന്റെ ഭാര്യ ജയ, മക്കളായ ശരണ്യ, സൂര്യ എന്നിവർക്കൊപ്പമാണ് താമസം.










0 comments