നെല്ലറയ്‌ക്ക് സർക്കാരിന്റെ സമ്മാനം
ഇരുനിലകളിൽ തളിരിട്ട സ്വപ-്‌നം


ഫെബിൻ ജോഷി
Published on Mar 07, 2026, 01:34 AM | 1 min read
ആലപ്പുഴ
കുട്ടനാടിന്റെ നാല് പതിറ്റാണ്ടുകാലത്തെ സ്വപ-്‌നം പൂക്കൈതയാറിന് കുറുകെ പൂവണിഞ്ഞു. ശനി പകൽ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ പടഹാരം പാലം കേരളത്തിന്റെ നെല്ലറയ്‌ക്ക് സമർപ്പിക്കുന്നതോടെ സംസ്ഥാനത്തെ ആദ്യ ഇരുനിലപ്പാലം കുട്ടനാടൻ സൗന്ദര്യത്തിന് മുതൽക്കൂട്ടാകും. നവീകരിച്ച എസി റോഡും പടഹാരം പാലവും നാടിന്റെ സ്വത്തായി മാറുന്നതോടെ പിണറായി വിജയൻ സർക്കാരിന് കീഴിൽ കുട്ടനാട് കൈവരിച്ച ചരിത്രനേട്ടങ്ങൾക്കും പകിട്ടേറും. തോമസ് കെ തോമസ് എംഎൽഎയുടെ നേതൃത്വവും ഇരുപദ്ധതികളുടെയും പൂർത്തീകരണത്തിൽ നിർണായകമായി. കേരളീയ വാസ്‌തുവിദ്യയിൽ ആറ് വാച്ച് ടവർ, മുകളിൽ വിശാലമായ രണ്ടുവരിപ്പാത, പാലത്തിന് താഴെ കുട്ടനാടിന്റെ സൗന്ദര്യം നുകരാവുന്ന രീതിയിൽ നടപ്പാത. തകഴി–-നെടുമുടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 453 മീറ്റർ ദൈർഘ്യത്തിലാണ് പാലം. 2019 മാർച്ച് ആറിന് അന്നത്തെ പൊതുമരാമത്തുമന്ത്രി ജി സുധാകരനാണ് പാലം നിർമാണം ഉദ്‌ഘാടനംചെയ്‌തത്. രൂപകൽപ്പനയും സുന്ദരം രണ്ട് നിലയിലായി ടൂറിസം സാധ്യതകളെ പരമാവധി ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് പൊതുമരാമത്ത് ഡിസൈൻ വിഭാഗം പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. മുകളിൽ 7.5 മീറ്റർ വീതിയിൽ പാലവും താഴെ 1.70 മീറ്റർ വീതിയിൽ ഇരുവശത്തും നടപ്പാതയും ഒരുക്കിയിരിക്കുന്നു. ഇരുവശങ്ങളിലുമായുള്ള വാച്ച് ടവറുകളിൽ സന്ദർശകർക്ക് പമ്പയുടെ സൗന്ദര്യം ആസ്വദിച്ച് വിശ്രമിക്കാം. കിഫ്‌ബിയുടെ പിന്തുണയിൽ 2016-–-17ലെ ബജറ്റിൽ കിഫ്ബിയിലാണ് കരുവാറ്റ–--കുപ്പപ്പുറം റോഡിൽ പാലം പ്രഖ്യാപിച്ചത്. കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിലാണ് നിർമാണം. 45 മീറ്റർ നീളത്തിൽ മൂന്ന് സ്‌പാനും 35 മീറ്റർ നീളത്തിലുള്ള ആറ് സ്‌പാനും 12 മീറ്ററുള്ള ഒമ്പത് സ്‌പാനുമുണ്ട് പാലത്തിന്. 65.5 കോടിയാണ് നിർമാണച്ചെലവ്. ടൂറിസം മേഖല മിന്നും ആലപ്പുഴ–-ചങ്ങനാശേരി റോഡിനെയും അമ്പലപ്പുഴ-–-തിരുവല്ല റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്. കരുവാറ്റ ലീഡിങ് ചാനലിന് കുറുകെ നിർമാണം പുരോഗമിക്കുന്ന കുറിച്ചിക്കൽ പാലവും പൂർത്തിയായാൽ തോട്ടപ്പള്ളിയിൽനിന്നുള്ള ദേശീയപാതയ്‌ക്ക് സമാന്തരമായുള്ള ബൈപാസ് റോഡായി നെടുമുടി–കരുവാറ്റ റോഡ് മാറും. പള്ളിപ്പാട്–-കൊടുംതാർ പാലം നിർമാണം പുരോഗമിക്കുകയാണ്. കാവാലം–-തട്ടാശേരി പാലത്തിന്റെ നിർമാണവും ശനിയാഴ്‌ച ഉദ്‌ഘാടനംചെയ്യും. പുളിങ്കുന്ന് പാലവും പരിഗണനയിലുണ്ട്. ഇവയെല്ലാം കുട്ടനാടൻ ടൂറിസം വികസനത്തിന് ഗതിവേഗമേറ്റും.









0 comments