പി ഗോപാലകൃഷ്‌ണൻ ജ്വലിക്കുന്ന ഓർമ

സിപിഐ എം മുതിർന്ന അംഗം പി ഗോപാലകൃഷ്‌ണന്റെ അനുശോചനയോഗത്തിൽ എച്ച് സലാം സംസാരിക്കുന്നു
അമ്പലപ്പുഴ
ഐതിഹാസിക സമരമുഖങ്ങളിലെ മുന്നണിപ്പോരാളി പി ഗോപാലകൃഷ്‌ണൻ ഇനി ജ്വലിക്കുന്ന ഓർമ. ചേന്നങ്കര പുത്തൻപുരക്കൽ വീട്ടിൽ പത്മനാഭന്റെ മകനായ ഗോപാലകൃഷ്‌ണൻ 1953ൽ നടന്ന പുറക്കാട് പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് പൊതുപ്രവർത്തനരംഗത്ത് സജീവമായത്. എ കെ ജിയുടെ ആഹ്വാനമുൾക്കൊണ്ട് കർഷകസമരത്തിൽ പങ്കെടുത്ത് കലക്‌ടറേറ്റ് പിക്കറ്റുചെയ്യാൻ മുൻപന്തിയിലുണ്ടായിരുന്നു. പട്ടാളക്കാരനാകണമെന്ന മോഹവുമായി റിക്രൂട്ട്മെന്റിൽ പങ്കെടുത്ത് പ്രവേശനം നേടി. 11 മാസത്തെ പരിശീലനശേഷം പട്ടാളത്തിലേക്ക് നിയമിതനായെങ്കിലും, കമ്യൂണിസ്‌റ്റുകാരനാണെന്നും കലക്‌ടറേറ്റ് പിക്കറ്റിങ്ങിന്റെ നേതൃനിരയിൽ ഉണ്ടായിരുന്നുവെന്നും കലക്‌ടർ റിപ്പോർട്ട് നൽകിയതോടെ പിരിച്ചുവിട്ടു. പീന്നീട് സജീവ രാഷ്‌ട്രീയപ്രവർത്തകനായി. വി കെ സോമൻ, എസ് ദാമോദരൻ, ആനന്ദൻ എന്നിവർക്കൊപ്പം താലൂക്ക് കമ്മിറ്റിയിൽ പ്രവർത്തിച്ചു. കുടികിടപ്പ് സമരത്തിലും വളച്ചുകെട്ട് സമരങ്ങളിലും മുൻനിര പോരാളിയായി. കർഷക തൊഴിലാളി യൂണിയൻ താലൂക്ക് കമ്മിറ്റിയംഗം, കർഷകസംഘം ഏരിയ കമ്മിറ്റിയംഗം, കരിങ്കൽ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി, ഹാർബർ തൊഴിലാളി യൂണിയൻ പ്രസിഡന്റ്, മത്സ്യവിപണന തൊഴിലാളി യൂണിയൻ (സിഐടിയു) മേഖലാ സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. വിവിധ കർഷക തൊഴിലാളി സമരങ്ങളിലും അടിയന്തരാവസ്ഥയ്‌ക്കെതിരായ സമരത്തിലും, പട്ടികജാതി വിഭാഗങ്ങൾക്ക് നേർക്കുണ്ടായ അക്രമങ്ങളെ പ്രതിരോധിച്ചും, പീലിങ് ഷെഡ് തൊഴിലാളികളുടെ സമരങ്ങളിലും നേതൃനിരയിലുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് നേതാക്കളെ സുരക്ഷിതമായി ഒളിവിൽ പാർപ്പിച്ച അദ്ദേഹം ജന്മിത്വഭീഷണിയും പൊലീസ് അതിക്രമവും സധൈര്യം നേരിട്ട് തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ നേതാവായി മാറി. തുടർച്ചയായ മൂന്ന് തവണ പുറക്കാട് പഞ്ചായത്തംഗമായി. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ബുധൻ പുലർച്ചെ മരിച്ചു. വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ സംസ്‌കരിച്ചു.









0 comments