ടയർ ഊരിത്തെറിച്ച് നിയന്ത്രണംവിട്ട ലോറി നിർത്തിയിട്ട കാറിലിടിച്ചു

ആലപ്പുഴ
ഓടിക്കൊണ്ടിരുന്ന ടിപ്പർലോറിയുടെ ടയറുകൾ ഊരിത്തെറിച്ച് നിയന്ത്രണംവിട്ട് നിർത്തിയിട്ട കാറിലിടിച്ചു. ഞായർ പകൽ 10.30ന് കൊമ്മാടി അടിപ്പാതയുടെ സമീപമായിരുന്നു അപകടം. എം സാൻഡ് കയറ്റിവന്ന ടിപ്പർലോറിയുടെ പിന്നിലെ രണ്ട് ചക്രങ്ങളാണ് ഊരിത്തെറിച്ചത്. ലോറി പറവൂർ ഭാഗത്തേക്ക് പോകുന്നതിന് വലതുവശം കണ്ട ആദ്യത്തെ റോഡിലേക്ക് കയറാൻ ശ്രമിച്ചപ്പോഴാണ് ആക്‌സിൽ ഒടിഞ്ഞ് ചക്രങ്ങൾ ഊരിത്തെറിച്ചത്. ഒടിഞ്ഞ ആക്‌സിലിന്റെ ഭാഗങ്ങൾ ഉൾപ്പെടെ ചക്രങ്ങൾ വേഗത്തിൽ വരുന്നത് കണ്ട് മാറ്റി നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ കാറിന്റെ ബംപറും എൻജിനും പൊട്ടി. മുഹമ്മ അന്നവേലി വീട്ടിൽ മനോജും ഭാര്യ അഞ്‌ജലിയുമായിരുന്നു കാറിൽ. ഹൈവേ ബീക്കൺ പൊലീസെത്തി നടപടികൾ സ്വീകരിച്ചു. ലോറി ഏറെനേരം റോഡിൽ കിടന്നതിനാൽ ഗതാഗതക്കുരുമുണ്ടായി. ഇതിന് പിന്നാലെ കളർകോട് ബൈപാസിൽ നിയന്ത്രണം തെറ്റിയെത്തിയ കാർ മറ്റൊരു കാറിലിടിച്ചു. അപകടത്തിൽ കാറിലുണ്ടായിരുന്ന തലവടി സ്വദേശി ഗോപിയും മകളും കുഞ്ഞും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പകൽ 11.45നായിരുന്നു രണ്ടാമത്തെ അപകടം. കളർകോട് റിലയൻസ് മാളിൽ പോകാൻ ബൈപാസിലേക്ക് കയറിയതായിരുന്നു. ഗോപിയായിരുന്നു കാർ ഓടിച്ചത്. ചേർത്തല ഭാഗത്തേക്ക് വന്ന കാർ നിയന്ത്രണം തെറ്റി ഗോപിയുടെ കാറിൽ ഇടിക്കുകയായിരുന്നു.









0 comments