16.6 ലക്ഷത്തിന്റെ ഓൺലൈൻ തട്ടിപ്പ്: മൂന്നാമനും പിടിയിൽ

നിസാമുദീൻ
ആലപ്പുഴ
ഓൺലൈൻ തട്ടിപ്പിലൂടെ തൃക്കുന്നപ്പുഴ സ്വദേശിയിൽ നിന്ന് 16.6 ലക്ഷം തട്ടിയ സംഘത്തിലെ മൂന്നാമനും പിടിയിൽ. പരാതിക്കാരനിൽനിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചുവാങ്ങി ചെക്കുവഴി പിൻവലിച്ച കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശി നിസാമുദീനെ(35)യാണ് സൈബർ ക്രൈം പൊലീസ് പിടികൂടിയത്. പ്രതിയെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടായിരുന്നു തട്ടിപ്പ്. ഓഹരിക്കച്ചവട കമ്പനിയുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തി വ്യാജ ഓഹരി ട്രേഡിങ് ആപ്ലിക്കേഷനിൽ പരാതിക്കാരനെക്കൊണ്ട് അക്കൗണ്ട് സൃഷ്‌ടിച്ചു. ശേഷം പ്രതികൾ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമയച്ചുവാങ്ങി. വ്യാജ ആപ്ലിക്കേഷനിൽ ലാഭം സഹിതം പ്രദർശിപ്പിച്ച് രണ്ട് മാസത്തിനിടയിൽ 16.6 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയത്. പണം പിൻവലിക്കാൻ സാധിക്കാതെ വന്നതോടെയാണ് പരാതി നൽകിയത്. ആലപ്പുഴ ഡിസിആർബി ഡിവൈഎസ്‌പി സന്തോഷിന്റെ നിർദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി ജോർജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ആതിര ഉണ്ണികൃഷ്ണൻ, സിപിഒമാരായ എസ് ആർ ഗിരീഷ് , ജേക്കബ് സേവ്യർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. ചെക്കുവഴി പിൻവലിച്ച പണം കാസർകോട് സ്വദേശിയായ സുഹൃത്തിന് കൈമാറിയതായി പ്രതി പൊലീസിനോട് പറഞ്ഞു. ഈ കേസിൽ കോഴിക്കോട് കൂടത്തായി സ്വദേശി യദുകൃഷ്‌ണൻ, തിരുമല പുത്തേരിൽ വീട്ടിൽ ആര്യാദാസ് എന്നിവർ മുന്പ് അറസ്‌റ്റിലായിരുന്നു.









0 comments