ഓണാട്ടുകര ആവേശത്തിമിർപ്പിൽ

ഈരേഴ തെക്ക് കരയുടെ കുതിര നിർമാണം അവസാന മിനുക്കുപണിയിൽ
പി പ്രമോദ്
Published on Feb 23, 2026, 12:56 AM | 1 min read
മാവേലിക്കര
ഓണാട്ടുകര ഒന്നാകെ കുംഭഭരണി മഹോത്സവത്തിന്റെ ആവേശത്തിമിർപ്പിലേക്ക്. തിങ്കൾ പുലര്‍ച്ചെ കുത്തിയോട്ട ഘോഷയാത്രകള്‍ നടക്കും. കെട്ടുകാഴ്‌ച നിര്‍മിക്കുന്ന സ്ഥലത്തെത്തി കുത്തിയോട്ട ബാലന്‍മാരെ ചൂരല്‍ മുറിയും. ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തി ചൂരല്‍ ഊരുന്നതോടെ കുത്തിയോട്ട ചടങ്ങുകള്‍ പൂര്‍ത്തിയാകും. 16 കുത്തിയോട്ടങ്ങളാണ് ക്ഷേത്രവളപ്പിലെത്തുന്നത്. ക്ഷേത്രത്തിന്റെ തെക്ക്, കിഴക്ക്, വടക്ക് വശങ്ങളിലുള്ള ഗേറ്റുകളിലൂടെ എത്തുന്ന കുത്തിയോട്ടങ്ങളെ മുൻഗണനാക്രമത്തിൽ അകത്തേക്ക് പ്രവേശിപ്പിക്കും. കുത്തിയോട്ടം വഴിപാടുകാരനൊടൊപ്പമുള്ള 25 പേർക്കും കുത്തിയോട്ട കുട്ടികൾക്കും ആശാനും മാത്രമേ നടപ്പന്തലിൽ പ്രവേശനമുള്ളു. കുത്തിയോട്ടങ്ങൾ എത്തുമ്പോൾ വിശ്വാസികൾക്ക് സുഗമമായി ക്ഷേത്രത്തിൽ പ്രവേശിക്കാൻ തെക്കേ നടയിൽ ഫ്ലൈഓവർ സൗകര്യമുണ്ടാകും. വൈകുന്നേരം കെട്ടുകാഴ്‌ചകൾ എത്തി തുടങ്ങുന്നതോടെ ചെട്ടികുളങ്ങര ജനസാഗരമാകും. ഭരണി ദിവസം ക്ഷേത്രനട അടയ്‌ക്കില്ല. തിങ്കൾ പുലർച്ചെ നാലരയോടെ തുറക്കുന്ന നട അടുത്തദിവസം ഉച്ചപൂജയ്‌ക്കുശേഷമേ അടയ്‌ക്കൂ. ചൊവ്വ പുലർച്ചെ എഴുന്നള്ളത്തോടെ ഈ വർഷത്തെ ഭരണി ഉത്സവങ്ങൾക്ക് സമാപനമാകും. എതിരേൽപ്പ് ഉത്സവം മാർച്ച് മൂന്നിന് തുടങ്ങും.










0 comments