നിറവൈബിലോണം


സ്വന്തം ലേഖകൻ
Published on Aug 22, 2026, 01:22 AM | 1 min read
ആലപ്പുഴ
കൊട്ടും പാട്ടും ആരവവുമായി കലാലയങ്ങളെ ഇളക്കിമറിച്ച് ഓണാഘോഷം. പൂക്കളങ്ങൾക്കും മാവേലിക്കുമപ്പുറം കലാലയങ്ങളിൽ ഓണം "ഫാഷൻ ഷോ' മൂഡിലാണ്. പരമ്പരാഗത വസ്‍ത്രങ്ങൾക്കൊപ്പം പുത്തൻ ട്രെൻഡുകളും ചേർത്ത് ക്യാമ്പസുകളിൽ നിറങ്ങളുടെ ‘നിറവൈബിലാണ്’ ആഘോഷം തകർത്തത്. കുട്ടികൾ മലയാളത്തനിമയുള്ള വേഷങ്ങൾ ധരിച്ചും മാവേലിയായും മലയാളിമങ്കയായുമെല്ലാം കലാലയങ്ങളെ കളറാക്കി. നിറങ്ങൾ വാരിവിതറിയ ഷർട്ടും സാരിയുമായി ലുക്കിൽ വ്യത്യസ്‌തത കൊണ്ടുവരാൻ മത്സരിച്ചു. തീമുകൾ ആസ്‍പദമായി വസ്‌ത്രങ്ങൾ തെരഞ്ഞെടുത്തവരും ഏറെ. വയറുള്ള മാവേലി മുതൽ സിക്‌സ് പാക്ക് മാവേലിവരെ ക്യാന്പസുകളിലുണ്ടായി. വീട്ടിൽനിന്ന് പൂക്കളെത്തിച്ച് സ്‌കൂൾ കുട്ടികൾ പൂക്കളം കളറാക്കിയപ്പോൾ മാർക്കറ്റിൽനിന്ന് പൂവെത്തിച്ച് കോളേജ് വിദ്യാർഥികൾ വീറുംവാശിയും വിതറി പൂക്കളമത്സരം സംഘടിപ്പിച്ചു. പുലികളിക്കും മെഗാതിരുവാതിരയ്‌ക്കും ഒപ്പം ചാക്കിലോട്ടവും കുപ്പിയിൽ വെള്ളംനിറയ്‌ക്കലും സ്‌പൂൺ റൈസും ഉൾപ്പെടെയുള്ള നാടൻകളികൾ അവർ ഏറ്റെടുത്തു. വടംവലിയും കലം തല്ലിപ്പൊട്ടിക്കലും കോളേജ് ഓണമത്സരങ്ങളിലെ ഗ്ലാമർ ഇനങ്ങളാണ്. പുത്തൻ ട്രെൻഡായി നിരത്തിവച്ച ഗ്ലാസുകളിൽ തട്ടാതെയുള്ള കണ്ണുകെട്ടിയുള്ള ഗ്ലാസ് വാക്കും ആഘോഷത്തിൽ ചിരിപടർത്തി. ശിങ്കാരിമേളത്തിന് ഒപ്പം ഡിജെയും സിനിമാറ്റിക് ഡാൻസും ക്യാമ്പസുകളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. രാവിലെ ക്യാമ്പാസിലേക്ക് കടന്നുവരുന്നതും ആഘോഷമായിട്ടാണ്. വിന്റേജ് കാറുകളിലും മോഡേൺ ബൈക്കുകളിലുമാണു ചിലർ വന്നത്. കളർ ബോംബുകൾ പൊട്ടിച്ചും വർണ്ണങ്ങൾ വാരിവിതറിയും സംഘങ്ങളായാണ് പലരും എത്തിയത്. ഓണം അവധി കഴിഞ്ഞ് 31ന് സ്‌കൂളുകളിലും കോളേജുകളിലും ക്ലാസുകൾ ആരംഭിക്കും.









0 comments