പായസക്കൂട്ടില്ല; ഓണക്കിറ്റ് വൈകും

സ്വന്തം ലേഖകൻ
Published on Aug 15, 2026, 01:16 AM | 1 min read
ആലപ്പുഴ
ഓണത്തോടനുബന്ധിച്ച് എഎവൈ വിഭാഗം റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും (മഞ്ഞ കാർഡ്) ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് വിതരണം ജില്ലയിൽ തുടങ്ങാനായില്ല. കിറ്റിൽ ഉൾപ്പെടുത്തേണ്ട സാധനങ്ങൾ ലഭ്യമാകാത്തതും പാക്കിങ് പൂർത്തിയാകാത്തതുമാണ് കാരണം. സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 10ന് ആരംഭിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കിറ്റ് തയ്യാറാക്കാനുള്ള സാധനങ്ങൾ സർക്കാർ ഇനിയും ലഭ്യമാക്കിയിട്ടില്ല. 10 വർഷം എൽഡിഎഫ് സർക്കാർ ഓണത്തിന് മൂന്നാഴ്‌ച മുന്പ് അർഹരുടെ കൈകളിലെത്തിച്ച കിറ്റാണ് ഇപ്പോൾ വിതരണത്തിനുപോലും സജ്ജമാകാത്തത്. ജില്ലയിലെ 38,734 കുടുംബങ്ങളിലും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള കിറ്റുകളാണ് വൈകുന്നത്. കിറ്റിനൊപ്പമുള്ള പായസക്കൂട്ട് ഇതുവരെ പാക്കിങ് കേന്ദ്രങ്ങളിൽ എത്തിച്ചിട്ടില്ല. ഇത് എന്ന് എത്തിക്കുമെന്നും അറിയിച്ചിട്ടില്ല. സാധനങ്ങൾ പലതവണയായിട്ടാണ് എത്തിക്കുന്നത്. എത്തിയ സാധനങ്ങളാകട്ടെ ആവശ്യത്തിനുമില്ല. ഇത് പാക്കിങ് തൊഴിലാളികളെയും ബുദ്ധിമുട്ടിലാക്കി. ചൊവ്വാഴ്‌ചയാണ് ജില്ലയിൽ തുണിസഞ്ചി എത്തിച്ചത്. അതിതീവ്രമഴയിലും വെള്ളപ്പൊക്കത്തിലും ഏറ്റവും കൂടുതൽ ദുരിതം നേരിട്ട ജില്ലയാണ് ആലപ്പുഴ. നിലവിൽ 1403 പേർ ജില്ലയിൽ വിവിധ ക്യാമ്പുകളിൽ തുടരുന്നുണ്ട്. വെള്ളപ്പൊക്കത്തെത്തുടർന്ന് ജോലിചെയ്യാൻ സാധിക്കാത്ത കുടുംബങ്ങൾക്കും കിറ്റ് നൽകണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. കിറ്റുകൾ ഉടൻ വിൽപ്പനകേന്ദ്രങ്ങളിൽ എത്തിക്കുമെന്നാണ് സപ്ലൈകോ അധികൃതർ പറയുന്നത്. എന്നാൽ സാധനങ്ങളുടെ ലഭ്യതക്കുറവ് മറച്ചുവച്ച് കിറ്റുകൾ തയ്യാറാക്കുന്നതിലെ വീഴ്‌ചയാണ് വിതരണത്തെ ബാധിക്കുന്നതെന്ന് പ്രചരിപ്പിക്കാനാണ് സർക്കാർ അനുകൂല ജീവനക്കാരും യുഡിഎഫ് പ്രവർത്തകരും ശ്രമിക്കുന്നത്.









0 comments