95 കുടുംബത്തിന് പട്ടയം
ഇനി ഞങ്ങൾക്ക് സ്വന്തം മണ്ണ്...

ആലപ്പുഴ
മുഹമ്മ കാട്ടുകട ഉന്നതിയിൽ രമാദേവി ഷാജിക്ക് ഇത് സന്തോഷത്തിന്റെ നിമിഷങ്ങളാണ്. കിടപ്പാടമായ നാല് സെന്റിന് വളരെക്കാലത്തെ കാത്തിരിപ്പിന് ശേഷം പട്ടയം ലഭിച്ചു. ഭൂമിക്ക് രേഖയില്ലാത്തതിനാൽ ഇതുവരെ സർക്കാരിന്റെ ആനുകൂല്യങ്ങളൊന്നും കിട്ടിയിരുന്നില്ല. വിഷമസ്ഥിതി മാറിയതിന്റെ ആഹ്‌ളാദത്തിലാണ് രമാദേവി. വെള്ളിയാഴ്‌ച നടന്ന ജില്ലാതല പട്ടയമേളയിൽ മന്ത്രി പി പ്രസാദ് ഇവർക്ക് പട്ടയം സമ്മാനിച്ചു. സ്വന്തമായി ഒരുപിടി മണ്ണ് എന്നത് സ്വപ്നം മാത്രമായിരുന്ന രാജീവ് ഇനി 10 സെന്റ് ഭൂമിയുടെ അവകാശിയാണ്.ആലപ്പുഴ ജില്ലാതല പട്ടയ മേളയിലാണ് 60 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തുറവൂര്‍ സ്വദേശിയായ രാജീവിന് സ്വന്തമായി പട്ടയം ലഭിച്ചത്. 1965 മുതൽ പട്ടയമില്ലാത്ത ഭൂമിയിലാണ് താമസിക്കുന്നതെന്നും ഇപ്പോൾ ഭൂമിക്ക് പട്ടയം കിട്ടിയപ്പോൾ അതിയായ സന്തോഷമുണ്ടെന്നും രാജീവ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ‘എല്ലാവർക്കും ഭൂമി ,എല്ലാ ഭൂമിക്കും രേഖ , എല്ലാ സേവനങ്ങളും സ്മാർട്ട്' പദ്ധതിയിലൂടെയാണ് രാജീവിന്റെ സ്വപ്നം സാക്ഷാത്കരിച്ചത്. ഇവർ അടക്കം ആകെ 95 കുടുംബങ്ങൾക്കാണ് ജില്ലാതല മേളയിൽ പട്ടയം നൽകിയത്. അമ്പലപ്പുഴ താലൂക്കിൽ- 13, ചേർത്തല -13, അരൂർ - നാല്, കുട്ടനാട് - 42, ഹരിപ്പാട് - നാല്, മാവേലിക്കര -19 വീതമാണ് വിതരണം ചെയ്തത്. ഭൂരഹിതരില്ലാത്ത കേരളം കെട്ടിപ്പടുക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്ന് പട്ടയം നൽകി മന്ത്രി പി പ്രസാദ് പറഞ്ഞു. കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന പരിപാടിയിൽ എംഎല്‍എമാരായ എച്ച് സലാം, തോമസ് കെ തോമസ് എന്നിവരും പട്ടയങ്ങൾ വിതരണം ചെയ്തു. മന്ത്രി കെ രാജൻ സംസ്ഥാന പട്ടയമേള ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 2016–-21 കാലയളവിൽ 1577 പട്ടയങ്ങളും 2021–-24 കാലയളവിൽ 1247 പട്ടയങ്ങളും ജില്ലയിൽ വിതരണം ചെയ്‌തെന്ന് ജില്ലാ കലക്ടർ അലക്സ് വർഗീസ് പറഞ്ഞു. എഡിഎം ആശ സി എബ്രഹാം, സബ് കലക്ടർ സമീർ കിഷൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, നഗരസഭാ അധ്യക്ഷ കെ കെ ജയമ്മ എന്നിവരും പങ്കെടുത്തു.











0 comments