സ്ഥാനാർഥികളില്ല; ബിജെപിയിൽ തർക്കം രൂക്ഷം


സ്വന്തം ലേഖകൻ
Published on Nov 26, 2025, 01:32 AM | 1 min read
ആലപ്പുഴ
സ്ഥാനാർഥികളെ നിർത്താതെ കോൺഗ്രസിനെ സഹായിക്കുന്നതിന്റെ പേരിൽ ബിജെപിയിൽ തർക്കം രൂക്ഷം. ആലപ്പുഴ നോർത്ത് ജില്ലാ പ്രസിഡന്റ് പി കെ ബിനോയിയുടെ പഞ്ചായത്തായ കടക്കരപ്പള്ളിയിൽ മൂന്നു വാർഡിലടക്കം ഒട്ടേറെ സ്ഥലങ്ങളിൽ സ്ഥാനാർഥികളെ നിർത്താത്തത് പാർടി വേദികളിൽ വൻ വിമർശമായി. സ്ഥാനാർഥികളെ കിട്ടാത്തതിന് താൻ എന്തു ചെയ്യാനാണ് എന്നാണ് പ്രസിഡന്റ് വിമർശിച്ചവരോട് ചോദിച്ചത്. ഇതോടെ തർക്കം അതിരൂക്ഷമായി. 2020ലെ തെരഞ്ഞെടുപ്പിൽ കടക്കരപ്പള്ളി ഉൾപ്പെടുന്ന ബ്ലോക്ക് ഡിവിഷനിൽ ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളിയതും കോൺഗ്രസിനെ സഹായിക്കാനായിരുന്നെന്നും അതിന്റെ തുടർച്ചയാണ് ഇത്തവണത്തെ ഒത്തുകളിയെന്നും ആരോപണമുണ്ട്. അയോഗ്യനാണെന്നറിഞ്ഞിട്ടും സ്ഥാനാർഥിയെക്കൊണ്ട് പത്രിക നൽകി തള്ളാൻ ഇടവരുത്തുകയായിരുന്നെന്നാണ് ആക്ഷേപം. ആലപ്പുഴ നഗരസഭ കൊറ്റംകുളങ്ങര വാർഡിൽ കഴിഞ്ഞ തവണ വിജയിച്ച ബിജെപി സ്ഥാനാർഥിക്ക് ഇത്തവണ ഗ്രൂപ്പ് പോരിന്റെ പേരിൽ സീറ്റ് നൽകാതിരുന്നതും പാർടിക്കുള്ളിൽ പ്രശ്‌നം സൃഷ്‌ടിച്ചിട്ടുണ്ട്. ജില്ലയിലാകെ ഏഴു ബ്ലോക്ക് ഡിവിഷനിലും ചേർത്തല നഗരസഭയിലെ നാലു വാർഡിലും ആലപ്പുഴയിൽ ഒരുവാർഡിലും 32 പഞ്ചായത്തു വാർഡുകളിലും ബിജെപി സ്ഥാനാർഥികളെ നിർത്തിയിട്ടില്ല.









0 comments