ദേശീയപാതയിൽ പരാതിപ്രളയം

മാരാരിക്കുളത്ത് അടിപ്പാത വേണം
മാരാരിക്കുളത്ത് കളത്തട്ട് ജങ്ഷനിൽ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ ജനകീയസമരങ്ങളാണ് നടന്നുവരുന്നത്. ദേശീയപാതയുടെ നിർമാണം കാരണം പ്രദേശവാസികളുടെ യാത്രാസൗകര്യങ്ങൾ തടസപ്പെടുന്ന രീതിയിൽ റോഡുകൾ വിഭജിക്കപ്പെടുന്നുവെന്നും നാട് രണ്ടായി മുറിയുന്നുവെന്നുമാണ് പ്രധാന പരാതി. മാരാരിക്കുളത്തെ കളത്തട്ട് ഉൾപ്പെടെയുള്ള പ്രധാന ജങ്ഷനുകളിൽ വാഹനങ്ങൾക്കും യാത്രികർക്കും സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനും മറ്റ് പ്രദേശങ്ങളിലേക്ക് പ്രവേശിക്കാനും അടിപ്പാതയോ മേൽപ്പാതയോ നിർമിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. അല്ലെങ്കിൽ കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്. ഇതിനെതിരെ റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്തിവരികയാണ്. ദേശീയപാത നിർമാണത്തിലെ അശാസ്‌ത്രീയതയും സുരക്ഷാ സംവിധാനങ്ങളുടെ കുറവും കാരണം അപകടങ്ങൾ പതിവാകുന്നുണ്ട്. അടുത്തിടെ മാരാരിക്കുളം ദേശീയപാതയിലുണ്ടായ ഗുരുതരമായ വാഹനാപകടങ്ങൾ പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ കാരണമായിട്ടുണ്ട്.

അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് മാരാരിക്കുളത്ത് നടന്ന സമരം (ഫയൽ ചിത്രം)
ചേർത്തലയിൽ സത്യഗ്രഹം
ചേർത്തല റെയിൽവേ സ്‌റ്റേഷനുമുന്നിൽ ഉയരപ്പാതയോടെയാകണം ദേശീയപാതയെന്ന ആവശ്യം ഉയർത്തി ജനകീയ സമരസമിതിയുടെ സത്യഗ്രഹം 98 ദിവസം പിന്നിട്ടു. നഗരസഭാ നേതൃത്വത്തിൽ രൂപീകരിച്ചതാണ് സമരസമിതി. ദേശീയപാതയ്‌ക്ക് അഭിമുഖമായാണ് ചേർത്തല റെയിൽവേ സ്‌റ്റേഷൻ. അവിടേയ്‌ക്ക് പ്രവേശനവും മടക്കവും ദുഷ്‌കരമാകുന്ന ഘടനയിലാണ് നിലവിലെ നിർമാണ രൂപരേഖ. സ്‌റ്റേഷനുമുന്നിൽ നഗരസഭയുടെ ബസ് ടെർമിനൽ പദ്ധതി അപ്രസക്തമാകുന്നതോടെ നഗരവുമായി ബന്ധപ്പെട്ട ഗതാഗത വികസനവും പ്രതിസന്ധിയിലാകും. ജനകീയ ആവശ്യം കണക്കിലെടുത്ത് കലക്‌ടറുടെ നേതൃത്വത്തിൽ എൻഎച്ച്എഐ ഉദ്യോഗസ്ഥരുൾപ്പെട്ട ഉന്നതതലസംഘം കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ചിരുന്നു. റെയിൽവേ ഭൂമി ദേശീയപാത വികസനത്തിന് വിട്ടുനൽകുന്നതിലെ തടസം നീക്കാൻ അധികൃതർ തീരുമാനിച്ചത് അടുത്തിടെയാണ്. റെയിൽവേ സ്‌റ്റേഷനുമായി ബന്ധപ്പെട്ട കാൽനടയാത്രയ്‌ക്ക് മേൽപ്പാലം നിർമിക്കാമെന്ന നിലപാടിലാണ് അധികൃതർ. എന്നാൽ ഉയരപ്പാത വേണമെന്ന ഉറച്ച നിലപാടിലാണ് സമരസമിതി.
കൊമ്മാടിയിൽ വെള്ളമില്ലാതായിട്ട് 8 മാസം
ആലപ്പുഴ കൊമ്മാടി ജങ്‌ഷനിലും സമീപപ്രദേശങ്ങളിലും കുടിവെള്ളവിതരണം തടസപ്പെട്ടിട്ട് എട്ടുമാസത്തോളമായെന്ന് പ്രദേശവാസികൾ പറയുന്നു. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി പൈലിങ് തുടങ്ങിയതോടെയാണ് ഇവിടെ പൈപ്പ് പൊട്ടി ജലവിതരണം മുടങ്ങിയത്. അറ്റകുറ്റപ്പണി നടത്തിയെങ്കിലും വീണ്ടും പൊട്ടി. ജങ്‌ഷനിൽനിന്ന് തെക്ക് ഭാഗത്തേക്ക് പോകുന്ന ലൈൻ കണ്ടെത്താൻ വാട്ടർ അതോറിറ്റി അധികൃതർ കുഴിച്ചുനോക്കിയിട്ടും ഫലമുണ്ടായില്ല. നിലവിൽ കുഴൽക്കിണറിലെ വെള്ളം മാത്രമാണ് ആശ്രയമെന്ന് പ്രദേശവാസികൾ പറയുന്നു. പ്രശ്‌നം മുഖ്യമന്ത്രി അടക്കമുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയതാണ്. പക്ഷേ, ഇതുവരെ ഫലമുണ്ടായിട്ടില്ല.

കൊമ്മാടിയിൽ കുടിവെള്ള പൈപ്പ് തെരഞ്ഞ് കുഴിക്കുന്നവർ
പായൽക്കുളങ്ങരയിൽ പ്രതിഷേധ പൊങ്കാല
അന്പലപ്പുഴയിൽ അടിപ്പാത ആവശ്യമുന്നയിച്ച് പായൽക്കുളങ്ങരയിൽ റിലേ നിരാഹാരത്തിന്റെ 700–-ാം ദിവസമായ ബുധനാഴ്‌ച ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പൊങ്കാല സംഘടിപ്പിച്ചു. അടിപ്പാത ആവശ്യമുയർത്തി ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ 2024 ഫെബ്രുവരി 24 നാണ് പ്രത്യക്ഷ സമരമാരംഭിച്ചത്. പ്രദേശത്ത് അടിപ്പാത ഇല്ലാതെവരുന്നതോടെ കിഴക്ക്, പടിഞ്ഞാറ് ഭാഗത്തുള്ള ആയിരക്കണക്കിന് കുടുംബങ്ങളാണ് യാത്രാദുരിതത്തിൽപ്പെടുന്നത്. അമ്പലപ്പുഴയ്‌ക്കും പുറക്കാടിനുമിടയിൽ മറ്റൊരിടത്തും അടിപ്പാതയില്ല. നിർമിക്കാമെന്ന് ദേശീയപാതാ വികസന നിർമാണത്തിന് മുന്പ് അധികൃതർ ഉറപ്പുനൽകിയിരുന്നു. എന്നാൽ നിർമാണമാരംഭിച്ചതോടെയാണ് അടിപ്പാതയില്ലെന്ന് തെളിഞ്ഞത്. സുനാമി ബാധിത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശത്ത് ദുരന്തം നടന്നാൽ ജീവൻ രക്ഷിക്കാൻ മറ്റ് മാർഗവുമില്ല. തുടക്കത്തിൽ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ദേശീയപാതാ വികസന അതോറിറ്റിക്കും നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. ഫലമില്ലാതെ വന്നതോടെയാണ് സമരങ്ങൾക്ക് തുടക്കമായത്. സമരസംഗമം, കൂട്ട ഉപവാസം, കലക്‌ടറേറ്റ് പടിക്കൽ നിൽപ്പുസമരം, പ്രകടനം, ദീപം തെളിക്കൽ തുടങ്ങി നിരവധി സമരങ്ങൾ സമരസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു. തുടർന്നാണ് ബുധനാഴ്‌ച ജനകീയ പ്രതിഷേധ പൊങ്കാല സംഘടിപ്പിച്ചത്.
കായംകുളത്ത് വെള്ളക്കെട്ട് ഭീഷണി
ദേശീയപാതാ വികസനം മാസങ്ങളായി തടസപ്പെട്ടതോടെ കായംകുളത്ത് സങ്കീർണമായ ഒട്ടേറെ പ്രശ്‌നങ്ങൾ തലയുയർത്തുകയാണ്. ദേശീയപാതയുടെ ഇരുവശങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളും വീടുകളും വെള്ളക്കെട്ടിലായി. രാമപുരംമുതൽ കൃഷ്‌ണപുരം ഓച്ചിറ വരെയുള്ള ഭാഗത്തെ നിർമാണം സ്‌തംഭിച്ചിട്ട് നാളേറെയായി. കായംകുളത്തെ ഉയരപ്പാത വിഷയത്തിൽ പ്രതിഷേധം ശക്തമായതോടെ ഇവിടെയും നിർമാണം സ്‌തംഭിച്ചു. അപകടങ്ങളും വർധിച്ചു. സർവീസ് റോഡുകളും തകർന്നതോടെ വാഹനഗതാഗതവും ദുരിതമായി. ഓട നിർമാണത്തിലെ അനാസ്ഥയ്‌ക്ക് പരിഹാരവുമില്ല. നിർമാണ കരാർ കമ്പനിയുടെ പ്രതിസന്ധികൾ പരിഹരിക്കുന്നതിൽ അധികാരികൾ കാട്ടുന്ന അനാസ്ഥയും പ്രശ്‌നമാകുന്നു. കുടിവെള്ള പൈപ്പുകൾ അടിക്കടി പൊട്ടുന്നതിനും പരിഹാരമില്ല.








0 comments