റെയിൽവേ സ്‌റ്റേഷനടച്ച് ദേശീയപാത നിർമാണം:
നഗരസഭ ജനകീയ പ്രക്ഷോഭത്തിലേക്ക്

ചേർത്തല റെയിൽവേ സ്‌റ്റേഷനിലേക്ക് പ്രവേശിക്കാൻ സൗകര്യം ഒരുക്കി ദേശീയപാത നിർമാണം ആവശ്യപ്പെട്ട് നഗരസഭ നേതൃത്വത്തിൽ ചേർന്ന യോഗം പി പ്രസാദ് എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
നഗരവികസനത്തെ പ്രതികൂലമായി ബാധിക്കുന്നതും യാത്രക്കാർക്ക് കടുത്ത പ്രയാസം സൃഷ്‌ടിക്കുന്നതുമായ നിലയിൽ അശാസ്‌ത്രീയ ദേശീയപാത നിർമാണത്തിനെതിരെ നഗരസഭ ജനകീയ പ്രക്ഷോഭത്തിലേക്ക്. നഗരസഭ ആസ്ഥാനത്ത് സമരസമിതി രൂപീകരണയോഗം പി പ്രസാദ് എംഎൽഎ ഉദ്ഘാടനംചെയ്‌തു. റെയിൽവേ സ്‌റ്റേഷനുമുന്നിൽ അടിപ്പാത അനുവദിക്കാതെ പ്രവേശനത്തിന് കാൽനട മേൽപ്പാലം നിർമിക്കാൻ ദേശീയപാത അതോറിട്ടി അധികൃതർ നീക്കം തുടങ്ങിയതിനെതിരായാണ് നഗരസഭയുടെ പ്രക്ഷോഭം. റെയിൽവേ സ്‌റ്റേഷനുമുന്നിൽ എലിവേറ്റഡ് ഹൈവേയോ, സമാന സൗകര്യത്തോടെയുള്ള നിർമാണമോ ആണ് വേണ്ടതെന്ന നിലപാടിലാണ് ജനകീയ യോഗം. ദേശീയപാത അതോറിട്ടി നിർദേശിച്ച കാൽനട മേൽപ്പാത മുതിർന്നവർ, കുട്ടികൾ, രോഗികൾ തുടങ്ങിയവർക്ക് അപ്രാപ്യമാകും. റെയിൽവേ സ്‌റ്റേഷനിൽ പ്രവേശിക്കാൻ എത്തുന്നവർക്ക് ഒരുകിലോമീറ്റർ തെക്കും വടക്കുമുള്ള അടിപ്പാതയിൽ എത്തിവേണം കടക്കാൻ. ഈ സാഹചര്യത്തിലാണ് സമരത്തിനിറങ്ങാൻ സർവകക്ഷി യോഗം തീരുമാനിച്ചത്. നഗരസഭാധ്യക്ഷൻ എസ് സോബിൻ അധ്യക്ഷനായി. കക്ഷിനേതാക്കൾ കെ പ്രസാദ്, വി ടി ജോസഫ്, കെ ഉമായക്ഷൻ, ബി വിനോദ്, ഡി ജ്യോതിഷ്, മുജേഷ്, പി വി സുരേഷ്ബാബു, ബി ഭാസി, ഷമ്മി ജോസഫ്, എൻ മനോഹരൻ, കെ ജെ അനിൽകുമാർ, കണ്ണൻ ബൈജു, നഗരസഭ സെക്രട്ടറി ടി കെ സുജിത് എന്നിവർ സംസാരിച്ചു. ആഗസ്‌ത് ഒന്നുമുതൽ റെയിൽവേ സ്‌റ്റേഷനുമുന്നിൽ റിലേ നിരാഹാരം തുടങ്ങാൻ തീരുമാനിച്ചു. നഗരസഭയിലെ 36 വാർഡുകളിലെ ദിവസവും രാഷ്‌ട്രീയകക്ഷികളുടെയും സാമൂഹ്യ–സന്നദ്ധ സംഘടനകളുടെയും പ്രവർത്തകർ സമരത്തിൽ പങ്കെടുക്കും. പി പ്രസാദ് എംഎൽഎ ചെയർമാനും നഗരസഭാധ്യക്ഷൻ എസ് സോബിൻ കൺവീനറുമായുള്ളതാണ് സമരസമിതി.










0 comments