പശുക്കൾക്ക് താപസമ്മർദം
പാൽ 10,800 ലിറ്റർ കുറഞ്ഞു

ചൂടിൽ കുളിരേകാൻ... സംസ്ഥാനത്ത് ചൂട് കനത്തതോടെ മനുഷ്യർക്ക് മാത്രമല്ല വളർത്തുമൃഗങ്ങൾക്കും കടുത്ത ആരോഗ്യപ്രശ്നങ്ങളാണ് നേരിടേണ്ടി വരുന്നത്. മിക്ക കർഷകരും വളർത്തുമൃഗങ്ങളെ ഒന്നിൽ കൂടുതൽ തവണ കുളിപ്പിക്കാറുണ്ട്, ആലപ്പുഴ തിരുവമ്പാടിക്കുസമീപം വൃന്ദാവൻ വീട്ടിൽ മുരളീധര പ്രഭു തന്റെ പശുക്കളെ കുളിപ്പിക്കുന്നു. ഫോട്ടോ : കെ എസ് ആനന്ദ്
നെബിൻ കെ ആസാദ്
Published on Apr 21, 2026, 01:15 AM | 1 min read
ആലപ്പുഴ
കടുത്ത വേനൽച്ചൂടിൽ പൊള്ളി ക്ഷീരമേഖലയും. മാർച്ചിൽ ദിവസം 10,800 ലിറ്റർ പാലുൽപ്പാദനം കുറഞ്ഞു. ഫെബ്രുവരിയിൽ 86,523 ലിറ്ററായിരുന്നു. മാർച്ചിൽ 75,723 ലിറ്ററായി കുറഞ്ഞു. ഏപ്രിൽ പകുതി കഴിഞ്ഞപ്പോൾ മാർച്ചിനെ അപേക്ഷിച്ച് ദിവസം 6000 ലിറ്റർ കുറവുമുണ്ടായി. ക്ഷീരസംഭരണ സൊസൈറ്റികളിൽ ലഭിക്കുന്ന പാലിന്റെ മാത്രം കണക്കാണിത്.
വേനൽച്ചൂടിൽ പശുക്കളിലെ താപസമ്മർദം (ഹീറ്റ് സ്‌ട്രെസ്) കാരണമാണ് പാൽ ഉൽപ്പാദനം ഗണ്യമായി കുറയുന്നത്. സങ്കരയിനം പശുക്കൾക്ക് ഹീറ്റ് സ്‌ട്രെസ് താങ്ങാൻ ശേഷി കുറവാണ്. ചൂട് കൂടുമ്പോൾ പശുക്കൾ തീറ്റ കുറയ്‌ക്കുകയും ദഹനപ്രക്രിയയിലൂടെ ഉണ്ടാകുന്ന ചൂട് പുറന്തള്ളാൻ കഴിയാതാകുകയും ചെയ്യുന്നു. ഇത് പാലിന്റെ അളവ് കുറയ്‌ക്കുന്നു. ജില്ലയിൽ തിങ്കളാഴ്‌ച പ്രതീക്ഷിച്ച ചൂട് 37 ഡിഗ്രി സെൽഷ്യസാണ്.
ചൂടിൽ പശുക്കൾ വീണ് വായിൽനിന്ന് നുരയും പതയും വരുന്ന പ്രശ്‌നങ്ങളുമുണ്ടാകുന്നു. പച്ചപ്പുൽ ക്ഷാമവും കാലിത്തീറ്റ വിലവർധനയും കർഷകരെ വലയ്‌ക്കുന്നുണ്ട്. സ്വകാര്യകമ്പനികളുടെ 50 കിലോഗ്രാം ചാക്ക് കാലിത്തീറ്റയ്‌ക്ക് 1350 മുതൽ 1550 വരെയാണ് വില. പച്ചപ്പുല്ലിന് ക്ഷാമമായതോടെ വൈക്കോലാണ് പലരും പശുക്കൾക്ക് കൊടുക്കുന്നത്. 20 കിലോഗ്രാം റോൾ വൈക്കോലിന് 220 മുതൽ 260 രൂപ വരെയാണ് വില. വേനലിൽ വൈക്കോൽ നൽകുന്നതും പശുക്കൾക്ക് നല്ലതല്ല. കർണാടകത്തിൽനിന്ന് ചോളത്തണ്ടുകൾ എത്തുന്നത് കുറഞ്ഞതും വിനയായി.
"" പശുക്കൾ തീറ്റയെടുക്കാൻ ബുദ്ധിമുട്ടുന്നു, ദിവസവും നാല് തവണവരെ പശുക്കളെ കുളിപ്പിക്കേണ്ടിവരുന്നു. വേനലായതോടെ പശു ദിവസവും 100 ലിറ്ററിന് മുകളിൽ വെള്ളം കുടിക്കും, പെല്ലെറ്റിന് കമ്പനികൾ 30 രൂപ വീതം മൂന്ന് തവണയായി വർധിപ്പിച്ചത് കർഷകന് വലിയ തിരിച്ചടിയാണ്''– മാവേലിക്കര ചെന്നിത്തലയിൽ ഫാം നടത്തുന്ന അനിൽകുമാർ പറഞ്ഞു.










0 comments