ad
Deshabhimani

മഴ കനക്കുമെന്ന്‌ കാലാവസ്ഥാവകുപ്പ്‌

ഇന്നും നാളെയും
ഓറഞ്ച്‌ ജാഗ്രത

മഴ
വെബ് ഡെസ്ക്

Published on Jun 03, 2026, 01:48 AM | 1 min read

ആലപ്പുഴ

കാലവർഷം കരതൊടാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ജില്ലയിൽ മഴ ശക്തമാകുമെന്ന്‌ കേന്ദ്രകാലവസ്ഥാവകുപ്പ്‌. മഴ ശക്തമാകുന്ന പശ്ചാത്തലത്തിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ജില്ലയിൽ ഓറഞ്ച്‌ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴയെന്ന്‌ അർഥമാക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ മഞ്ഞ ജാഗ്രതാ നിർദേശവുമുണ്ട്‌. ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ്‌ ശക്തമായ മഴ. നദിക്കരകളിലും മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ നിർദേശാനുസരണം സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറണം. ദുരന്തസാധ്യത പ്രദേശങ്ങളിലുള്ളവർ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കി പകൽതന്നെ ക്യാമ്പിലേക്ക്‌ മാറണം ഇതിന്‌ തദ്ദേശസ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. മരങ്ങൾ വീണും പോസ്‌റ്റുകൾ തകർന്നുവീണും ഉണ്ടാകാവുന്ന അപകടങ്ങൾ ശ്രദ്ധിക്കണം. ശക്തമായ മഴപെയ്യുമ്പോൾ നദികൾ മുറിച്ചുകടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങരുത്‌. ജലാശയങ്ങൾക്ക് മുകളിലെ പാലങ്ങളിൽ സെൽഫി എടുക്കുന്നതിനോ കൂട്ടംകൂടി നിൽക്കാനോ പാടില്ല. മഴ ശക്തമാകുമ്പോൾ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോരമേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നതുവരെ ഒഴിവാക്കണം. ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിലും അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രതവേണം. ജലാശയങ്ങൾ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കരുത്. എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകളുണ്ട്. 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home