യന്ത്രവൽകൃത നടീൽ പരിശീലനം പുരോഗമിക്കുന്നു

മങ്കൊമ്പ് എം എസ് സ്വാമിനാഥൻ നെല്ല് ഗവേഷണകേന്ദ്രത്തിലെ യന്ത്രവൽകൃത നടീൽ പരിശീലനം
മങ്കൊമ്പ്
യന്ത്രവൽകൃത നടീൽ പരിശീലനം പുരോഗമിക്കുന്നു. സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ, കോട്ടയം ജില്ലകളിലെ കൃഷിശ്രീസെന്റർ, കാർഷിക സേവനകേന്ദ്രം, കാർഷിക കർമസേന എന്നിവയിലെ സേവനദായകരും കൂടാതെ ജില്ലയിലെ തൊഴിൽരഹിത യുവതി–യുവാക്കളും ഉൾപ്പെടുന്നവർക്കുവേണ്ടി സംഘടിപ്പിച്ച യന്ത്രവൽകൃത നടീൽ പരിശീലനം മങ്കൊമ്പ് എം എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രത്തിൽ പുരോഗമിക്കുന്നു. 17 മുതലാണ് പരിശീലനം. 21 ദിവസത്തെ പരിപാടിയിൽ ഓരോ പരിശീലനാർഥിക്കും അഞ്ച് ദിവസം വീതം പരിശീലനം നൽകുന്ന രീതിയിലാണ് ക്രമീകരണം. പരിശീലനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ട്രേ നഴ്സറി ചമ്പക്കുളം പെരുമാനിക്കരി വടക്കേ തൊള്ളായിരം പാടശേഖരത്തിലെ കർഷകൻ ജോസഫ് മാത്യു — മൂന്ന് ഏക്കർ പാടശേഖരത്തിൽ നടീൽ നടത്തി. നടീലുത്സവത്തിന്റെ ഉദ്ഘാടനം എം എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രം തലവൻ ഡോ. എം സുരേന്ദ്രൻ, കോട്ടയം ജില്ലാ ആത്മ പ്രോജക്‌ട് ഡയറക്‌ടർ മിനി ജോർജ്, ഡെപ്യൂട്ടി ഡയറക്‌ടർ ഓഫ് അഗ്രിക്കൾച്ചർ അനീ മാത്യു എന്നിവർ ചേർന്ന് നടത്തി. എം എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രത്തിലെ അഗ്രോണമിസ്‌റ്റ് നിമ്മി, എൻജിനിയറിങ് മേധാവി ജോബിൻ ബാസ്‌റ്റിൻ, കോട്ടയം ജില്ലാ ആത്മ ഡെപ്യൂട്ടി ഡയറക്‌ടർ അനീസ് എന്നിവർ പങ്കെടുത്തു. കേരള സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ യു. ജയകുമാരന്റെ നേതൃത്വത്തിലാണ്പരിശീലനം .









0 comments