print edition ഖാരിഫ് വിളവെടുപ്പ് ; കേന്ദ്ര അവകാശവാദം പൊള്ളത്തരം: കിസാൻസഭ

ന്യൂഡൽഹി
ഖാരിഫ് വിളകളിൽ 2025–26ൽ റെക്കോഡ് വിളവെടുപ്പുണ്ടാകുമെന്ന കേന്ദ്രസർക്കാർ അവകാശവാദം പൊള്ളത്തരമെന്ന് അഖിലേന്ത്യ കിസാൻസഭ. കേന്ദ്ര കൃഷി മന്ത്രാലയം പുറത്തിറക്കിയ കണക്കനുസരിച്ച് 12.45 കോടി ടൺ അരിയും 2.83 കോടി ടൺ ചോളവും ഉൽപാദിപ്പിക്കുമെന്നാണ് പറയുന്നത്. മുൻവർഷങ്ങളിലെ വിളവ്, സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ച വിവരം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് അവകാശവാദം. എന്നാൽ പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലുണ്ടായ വിനാശകരമായ പ്രളയം പരിഗണിച്ചാൽ ഇൗ അവകാശവാദം പൊള്ളത്തരമാണ്.
പഞ്ചാബിലെ 1.9 ലക്ഷം ഹെക്‌ടർ കൃഷിഭൂമിയെ പ്രളയം ബാധിച്ചു. ഹരിയാനയിൽ 12.5 ലക്ഷം ഏക്കറിലുണ്ടായിരുന്ന വിളകൾ നശിച്ചു. ഹിമാചലിൽ 24,552 ഹെക്‌ടർ കൃഷിഭൂമിയിൽ നാശനഷ്ടമുണ്ടായെന്നാണ് ഒൗദ്യോഗിക കണക്കുകൾ. ഇൗ സംസ്ഥാനങ്ങളിലെ നെല്ലിൽ കീടബാധ മൂലം വിളനാശവുമുണ്ടായി. മഹാരാഷ്‌ട്ര കർണാടക, സംസ്ഥാനങ്ങളിലെ കൃഷിയെയും പ്രളയം ബാധിച്ചു. യൂറിയ ഉൾപ്പെടെയുള്ള വളങ്ങളുടെ ക്ഷാമം മൂലവും നഷ്ടമുണ്ടായി. ഇതൊന്നും പരിഗണിക്കാതെ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദം നടത്തുന്നത് ഇൻഷുറൻസ്, നഷ്ടപരിഹാരം തുടങ്ങിയ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനും കാരണമാകുമെന്നും കിസാൻ സഭ പ്രസിഡന്റ് അശോക് ധാവ്‌ളെ, ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ എന്നിവർ പ്രസ്‌താവനയില്‍ പറഞ്ഞു.









0 comments