print edition ശിവകുമാര്‍ ഡല്‍ഹിയില്‍, വിളിക്കാതെ പോകില്ലെന്ന് സിദ്ധരാമയ്യ

മംഗളൂരു
പരസ്യമായി ഐക്യം പ്രകടിപ്പിക്കുന്നെങ്കിലും കര്‍ണാടകത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള സിദ്ധരാമയ്യ, ഡി കെ ശിവകുമാര്‍ തര്‍ക്കത്തിന് അയവില്ല. ബുധനാഴ്‌ച സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ മംഗളൂരുവിൽ കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ഡൽഹിക്ക് പോയി. ഹൈക്കമാൻഡ് നേതാക്കളെ കാണാനാണ് പോകുന്നതെന്ന അഭ്യൂഹങ്ങള്‍ പരന്നതോടെ വ്യക്തിപരമായ ആവശ്യത്തിനാണ് സന്ദര്‍ശനമെന്ന് ശിവകുമാര്‍ വിശദീകരിച്ചു. അതേസമയം ഹൈക്കമാൻഡ് ഔദ്യോഗികമായി വിളിക്കാതെ ഡൽഹിയിലേക്ക് പോകില്ലെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു.
വേണുഗോപാലും സിദ്ധരാമയ്യയും മംഗളൂരുവിൽ ഒരു പരിപാടിയിൽ പങ്കെടുത്തശേഷം ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കുകയുംചെയ്‌തു. കെ സി വേണുഗോപാൽ മംഗളൂരു വിമാനത്താവളത്തിലിറങ്ങിയപ്പോള്‍ ശിവകുമാറിന് അനുകൂലമായി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. അധികം വൈകാതെ സിദ്ധരാമയ്യയും എത്തിയതോടെ അദ്ദേഹത്തിന്റെ അനുകൂലികളും മുദ്രാവാക്യം മുഴക്കി.
പ്രശ്നങ്ങളില്ലെന്ന് കാണിക്കാൻ കഴിഞ്ഞദിവസം ശിവകുമാറിന്റെ വീട്ടിലെത്തി സിദ്ധരാമയ്യ പ്രഭാത ഭക്ഷണം കഴിച്ചിരുന്നെങ്കിലും ഇരുനേതാക്കളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി തുടരുകയാണ്.
43 ലക്ഷത്തിന്റെ വാച്ച്, വിവാദം
സിദ്ധരാമയ്യയും ശിവകുമാറും ധരിച്ച ആഡംബര വാച്ച് ചൂണ്ടിക്കാട്ടി വിമര്‍ശവുമായി ബിജെപി . സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഒപ്പമുള്ള ചിത്രം പങ്കുവച്ച ബിജെപി 43 ലക്ഷം രൂപ വിലയുള്ള കാര്‍ട്ടിയര്‍ വാച്ചാണ് ഇരുവരും ധരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. സിദ്ധരാമയ്യയെ വ്യാജ സോഷ്യലിസ്റ്റ് എന്ന് വിളിക്കുകയുംചെയ്‌തു. അതേസമയം തന്റെ വാച്ചിന് 24 ലക്ഷം രൂപയേ വിലയുള്ളൂവെന്നും അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് വാങ്ങിയതെന്നും ശിവകുമാര്‍ പ്രതികരിച്ചു. സിദ്ധരാമയ്യ ധരിച്ച വാച്ചിന് 70 ലക്ഷം രൂപ വിലയുണ്ടെന്ന് 2016ൽ ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി ആരോപിച്ചിരുന്നു.









0 comments