കാവലായ്...

എൽഡിഎഫ് തെക്കൻമേഖലാ വികസന മുന്നേറ്റ ജാഥയ-്ക്ക് കായംകുളത്ത് നൽകിയ സ്വീകരണത്തിൽ ക്യാപ്റ്റൻ ബിനോയ് വിശ്വം സംസാരിക്കുന്നു

സ്വന്തം ലേഖകൻ
Published on Feb 09, 2026, 01:38 AM | 1 min read
ആലപ്പുഴ
നാടിനോട് ഹൃദ്യമായി സംവദിച്ച് ജനമനസുകളുടെ തുടിപ്പറിഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന എൽഡിഎഫ് തെക്കൻമേഖലാ വികസന മുന്നേറ്റജാഥ ജില്ലയിൽ പുതുചരിത്രമെഴുതി. ജനകീയ സർക്കാർ മുഖച്ഛായ മാറ്റിയ നാടും നഗരവും പിന്നിട്ട ജാഥ ജില്ലയിലെ പര്യടനം പൂർത്തിയാക്കി. ക്ഷേമവും കരുതലുമായി ഒപ്പംനിന്ന സർക്കാരിന് ഹൃദയാഭിവാദ്യവുമായി സ്വീകരണകേന്ദ്രങ്ങളിൽ പതിനായിരങ്ങൾ ഒഴുകിയെത്തി. ഞായർ രാവിലെ ക്യാപ്‌റ്റനും ജാഥാംഗങ്ങളും വലിയ ചുടുകാട്ടിലെത്തി പുന്നപ്ര–വയലാർ രണധീരരുടെ സ്‌മൃതി കുടീരങ്ങളിലും സമീപത്തെ വി എസ് അച്യുതാനന്ദന്റെ സ്‌മൃതികുടീരത്തിലും പുഷ്‌പാർച്ചന നടത്തി. തുടർന്ന് ആലപ്പുഴ കല്യാണി ഓഡിറ്റോറിയത്തിൽ ക്ഷണിക്കപ്പെട്ടവരുമായി ആശയസംവാദം. ഹരിപ്പാടായിരുന്നു ആദ്യ സ്വീകരണം. വെടിക്കെട്ട്, വാദ്യമേളങ്ങൾ, നാടൻ കലാരൂപങ്ങൾ തുടങ്ങിയവയുടെ അകന്പടിയോടെ ജാഥയെ വരവേറ്റു. തുടർന്ന് കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ നിയോജക മണ്ഡലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ജില്ലയിലെ പര്യടനം പൂർത്തിയാക്കി. ഹരിപ്പാട്ട് എം സത്യപാലൻ, കായംകുളത്ത് എ ഷാജഹാൻ, മാവേലിക്കരയിൽ എം ഡി ശ്രീകുമാർ, ചെങ്ങന്നൂരിൽ മന്ത്രി സജി ചെറിയാൻ എന്നിവർ അധ്യക്ഷരായി. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്‌റ്റനും അംഗങ്ങളും ജനങ്ങളുമായി സംവദിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം എ മഹേന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി എസ് സോളമൻ, ദേശീയ കൗൺസിൽ അംഗങ്ങളായ ടി ജെ ആഞ്ചലോസ്, ടി ടി ജിസ്‌മോൻ, കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദ്ദീൻ തുടങ്ങിയവർ ജാഥയ്‌ക്കൊപ്പമുണ്ടായിരുന്നു. തിങ്കൾ രാവിലെ ചെങ്ങന്നൂരിൽ ക്ഷണിക്കപ്പട്ടവരുമായി ആയസംവാദം. വാർത്താസമ്മേളനത്തിനുശേഷം ജാഥ കൊല്ലം ജില്ലയിലക്ക്.










0 comments