സമാധാനവും മൈത്രിയുമാണ് എൽഡിഎഫ്: ബിനോയ് വിശ്വം

ജാഥാ ക്യാപ്റ്റൻ ബിനോയ് വിശ്വത്തെ ചെങ്ങന്നൂരിലെ വേദിയിലേക്ക് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു
ആലപ്പുഴ
സമാധാനവും സാമൂഹ്യമൈത്രിയുമാണ് എൽഡിഎഫ് എന്ന് തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ ക്യാപ്റ്റൻ ബിനോയ് വിശ്വം. എൽഡിഎഫ് ഭരിച്ചപ്പോൾ കേരളത്തിൽ കലാപങ്ങൾ ഉണ്ടായിട്ടില്ല. മാറാട്, പൂന്തുറ കലാപങ്ങൾ ഉണ്ടായപ്പോഴും ഇവിടെ ഭരണമുണ്ടായിരുന്നു. ജനങ്ങളെ ആ വഴിക്ക് കുറേപ്പേർ തള്ളിവിടുകയായിരുന്നു. അന്ന് ഭരിച്ചിരുന്നവർ ഇതൊക്കെ മറന്നുപോയി. ജാഥയ്ക്ക് നൽകിയ സ്വീകരണങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തുവർഷംകൊണ്ട് സംസ്ഥാനത്ത് ഇതുവരെ ഉണ്ടാകാത്ത വികസനം സാധ്യമാക്കി. പവർകട്ടും ലോഡ്ഷെഡ്ഡിങ്ങും ജനങ്ങൾ മറന്നു. ആദായകരമല്ലെന്ന് പറഞ്ഞ് സ്കൂളുകൾ പൂട്ടാനുള്ള പട്ടികയുമായി അന്നത്തെ സർക്കാർ വന്നു. ആ കേരളത്തെ മാറ്റിയത് എൽഡിഎഫ് ആണ്. 2025 നവംബർ ഒന്നിന് അതിദരിദ്രരില്ലാത്ത കേരളം പ്രഖ്യാപനം മുഖ്യമന്ത്രി നടത്തി. ബിരുദം വരെ വിദ്യാഭ്യാസം സൗജന്യമാക്കി. വീട്ടമ്മമാർക്ക് പെൻഷൻ നൽകാൻ തീരുമാനിച്ചു. ഇതൊക്കെ മുന്നോട്ടുകൊണ്ടു പോകണം. അതിനാണ് എൽഡിഎഫ് മൂന്നാമൂഴം ചോദിക്കുന്നത്. കേന്ദ്ര ബജറ്റിൽ കേരളത്തിന് തികഞ്ഞ അവഗണനയാണ്. ഇതിനെതിരെ കോൺഗ്രസ് മിണ്ടുന്നില്ല. കോൺഗ്രസിന് മോദിയെ പേടി, മോദിക്ക് ട്രംപിനെ പേടി എന്നതാണ് അവസ്ഥയെന്ന് ബിനോയ് വിശ്വം പറഞ്ഞു.










0 comments