സാർഥകം സംവാദാത്മകം മുഖാമുഖം
വേണം കരുതൽ; തുടരണം എൽഡിഎഫ്

വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി നടത്തിയ മുഖാമുഖം പരിപാടിയിൽ ജാഥ ക്യാപ്റ്റൻ ബിനോയ് വിശ്വം സംസാരിക്കുന്നു

ഫെബിൻ ജോഷി
Published on Feb 09, 2026, 01:30 AM | 2 min read
ആലപ്പുഴ
‘പ്രോത്സാഹന ബോണസ് നിർത്തലാക്കാനാണ് കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നത്. തുടരാൻ നടപടി വേണം’ – കുട്ടനാട്ടിലെ കർഷക പ്രതിനിധി അനിൽകുമാർ എൽഡിഎഫ് ജാഥാ ക്യാപ്‌റ്റൻ ബിനോയ് വിശ്വത്തോട് ആശങ്ക പങ്കുവച്ചു. നെൽക്കർഷകരെയടക്കം എല്ലാവരെയും എൽഡിഎഫ് ചേർത്തുപിടിക്കുമെന്നും സർക്കാരിൽനിന്ന് ഉചിത തീരുമാനമുണ്ടാകുമെന്നും ജാഥാ ക്യാപ്റ്റന്റെ മറുപടി. ആലപ്പുഴ കല്യാണി ഓഡിറ്റോറിയത്തില്‍ ജാഥയുടെ മുഖാമുഖം പരിപാടിക്ക് എത്തിയതായിരുന്നു ഇ–ബ്ലോക്ക് ഇരുപത്തിനാലായിരം കായൽ പടശേഖരസമിതി സെക്രട്ടറി അനിൽകുമാർ കാവാലം. പരിപാടി അവസാനിക്കും മുമ്പ് മന്ത്രി പി പ്രസാദ് സർക്കാർ തീരുമാനം സദസിനെ അറിയിച്ചു – കർഷകർക്ക് പ്രോത്സാഹന ബോണസ് തുടരും. നിറഞ്ഞ കൈയടികളോടെ സദസ് മന്ത്രിയുടെ വാക്കുകൾ എറ്റെടുത്തു. നാട് കൈവരിച്ച മാറ്റങ്ങൾ പങ്കുവച്ചാണ് ജാഥാ ക്യാപ്‌റ്റൻ ആലപ്പുഴയോട് സംസാരിച്ചു തുടങ്ങിയത്. എൽഡിഎഫ് സർക്കാർ കേരളത്തിന് സമ്മാനിച്ച നേട്ടങ്ങളും കേന്ദ്രസർക്കാരിന്റെ അവഗണനയും ലളിതമായി വിശദീകരിച്ചു. ജനങ്ങളുടെ ക്രയശേഷി വര്‍ധിച്ചതും വിഴിഞ്ഞം പോലെ വന്‍പദ്ധതികളിലൂടെയുണ്ടായ കുതിച്ചുചാട്ടവും ആമുഖമായി പറഞ്ഞു. 200 പേരാണ് മുഖാമുഖത്തിൽ പങ്കെടുത്തത്. ആശാവർക്കർമാരും ഹരിതകർമസേനാംഗങ്ങളും വ്യവസായികളും കർഷകരും വിദ്യാർഥികളും ടൂറിസമടക്കം വിവിധ മേഖലകളെ പ്രതിനിധീകരിച്ചെത്തിയവരും അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവച്ചു. സംസ്ഥാനത്തിന് വികസനവേഗം നൽകിയ എൽഡിഎഫ് സർക്കാരിനെ അഭിനന്ദിച്ചു. കേന്ദ്രസർക്കാർ ആശ വർക്കർമാരുടെ നിർത്തലാക്കിയ ആരോഗ്യപദ്ധതി, വിനോദസഞ്ചാരികളെ ആകർഷിക്കൽ, എയ്‌ഡഡ് പ്രീപ്രൈമറി അധ്യാപകരുടെ ഓണറേറിയം, സഹരകരണമേഖലയിലെ താൽക്കാലിക ജീവനക്കാരുടെ പ്രശ്‌നങ്ങൾ, വിമാനയാത്രാ നിരക്ക് വർധന തുടങ്ങി നിരവധി പ്രശ്‌നങ്ങൾ ചർച്ചയിലുയർന്നു. സദസിനെ കേട്ട ജാഥാംഗങ്ങൾ എല്ലാം കുറിച്ചെടുത്തു. വികസന തുടർച്ച പൂര്‍ത്തിയാക്കണമെങ്കില്‍ എല്‍ഡിഎഫിന് മൂന്നാം ഊഴം കൂടിയേ തീരുവെന്ന് ബിനോയ് വിശ്വം പറഞ്ഞു. നിർദേശങ്ങളെല്ലാം പരിഗണിക്കുമെന്നും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ജാഥാ ക്യാപ്‌റ്റൻ ഉറപ്പുനൽകി. ജാഥാ മാനേജർ എം സ്വരാജ്, അംഗങ്ങളായ സി എസ് സുജാത, വി ടി ജോസഫ്, കെ വി ബാലസുബ്രമണ്യൻ, ഉഴമലയ്‌ക്കൽ വേണുഗോപാൽ, എ ഷാജു, സി പി അൻവർ സാദത്ത് എന്നിവരും സദസിനോട് സംവദിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, മന്ത്രി പി പ്രസാദ്, എംഎൽഎമാരായ എച്ച് സലാം, പി പി ചിത്തരഞ്‌ജൻ തുടങ്ങിയവരും സദസിലുണ്ടായിരുന്നു.









0 comments