പകിട്ടോടെ പട്ടണക്കാട്; വിജയമുറപ്പിച്ച് എൽഡിഎഫ്

പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അരൂർ വെസ്റ്റ് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി പി കെ സാബു പ്രചാരണത്തിൽ
വി ജി ഹരിശങ്കർ
Published on Dec 02, 2025, 12:14 AM | 1 min read
തുറവൂർ
അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, വയലാർ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് പട്ടണക്കാട് ബ്ലോക്ക്. ശക്തമായ വേരോട്ടമുള്ള ബ്ലോക്ക് പഞ്ചായത്തിൽ ഭരണത്തുടർച്ച ഉറപ്പാക്കിയാണ് എൽഡിഎഫ് പ്രചാരണം. നിലവിലെ ഭരണസമിതിയിലെ 14ൽ എൽഡിഎഫ് – 11, യുഡിഎഫ് – മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഇത്തവണ ആകെ ഡിവഷൻ 15. പുതിയതായി പൊന്നാംവെളി ഡിവിഷൻ വന്നു. സംസ്ഥാന സർക്കാരും ത്രിതല സ്ഥാപനങ്ങളും എത്തിച്ച സമാനതകളില്ലാത്ത വികസനവും ക്ഷേമവും വിഷയമാക്കിയാണ് പ്രചാരണം. വോട്ടർമാരിൽനിന്ന് ലഭിക്കുന്നത് ആത്‌മവിശ്വാസം ഇരട്ടിയാക്കുന്ന പ്രതികരണങ്ങളാണ്. ബ്ലോക്കിന് കീഴിലെ തുറവൂർ താലൂക്കാശുപത്രി സംസ്ഥാനത്തെ ഏറ്റവും വലിയ താലൂക്കാശുപത്രിയായി മാറി. ബഹുനിലകെട്ടിട നിർമാണത്തിന് കിഫ്ബി 51.40 കോടി അനുവദിച്ചു. 60,000 ചതുരശ്ര അടിയിൽ ആറ് നിലയിലായുള്ള കെട്ടിടനിർമാണം 90 ശതമാനം പൂർത്തിയായി. താഴത്തെ നിലയിലാണ് ട്രോമാകെയർ യൂണിറ്റ്. ഒന്നാംനിലയിൽ അന്താരാഷ്‌ട്ര നിലവാരത്തിൽ നാല് തിയറ്ററുള്ള ഓപ്പറേഷൻ സമുച്ചയം. സംസ്ഥാനത്ത് ആദ്യമായി ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ച താലൂക്കാശുപത്രികൂടിയാണ് തുറവൂരിലേത്. 16 യന്ത്രം അധികമായി സ്ഥാപിച്ചതോടെ ദിവസവും 60 പേർക്ക് ഡയാലിസിസ് ചെയ്യാനാകും. കുമ്പളങ്ങി–അരൂർ നിവാസികളുടെ ചിരകാല സ്വപ്‌നമായ കുമ്പളങ്ങി -കെൽട്രോൺ പാലം നിർമാണം തുടങ്ങി. 290.6 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലം നിർമാണം പൂർത്തിയായാൽ പുതിയ ഗതാഗതപാത തുറക്കും. അറുപതോളം തോടുകൾ കല്ലുകെട്ടുകയോ കാനയായി നിർമിച്ചും സുരക്ഷിതമാക്കി. ജില്ലയിലെ മികച്ച ശുചിത്വ സ്ഥാപനമെന്ന അവാർഡ് ബ്ലോക്കിന് ലഭിച്ചു. ഓട്ടിസമുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും ഫിസിയോതെറാപ്പിക്കും സ്‌പീച്ച് തെറാപ്പിയും ആവശ്യമായ ക്ലിനിക്ക് ബ്ലോക്ക് പഞ്ചായത്തിലുണ്ട്. ബ്ലോക്കിന് കീഴിലെ എല്ലാ സർക്കാർ, എയ്ഡഡ് സ്‌കൂളുകൾക്കും വാട്ടർ പ്യൂരിഫയറുകൾ നൽകി. 50 ഹെക്‌ടർ മാത്രം നെൽകൃഷി ഉണ്ടായിരുന്നതിൽനിന്ന് 200 ഹെക്‌ടർ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ചു.










0 comments