കാർണിവൽ നടത്തിപ്പുകാർ മാലിന്യം നീക്കിയില്ല
നഗരസഭ എൽഡിഎഫ് കൗൺസിലർമാർ ബീച്ച് സന്ദർശിച്ചു

നഗരസഭാ പ്രതിപക്ഷാംഗങ്ങൾ ആലപ്പുഴ ബീച്ച് സന്ദർശിച്ചപ്പോൾ
ആലപ്പുഴ
നഗരസഭ എൽഡിഎഫ് കൗൺസിലർമാർ ബീച്ച് സന്ദർശിച്ചു. കാർണിവൽ നടത്തിപ്പുകാർ ബീച്ചിലെ മാലിന്യം നീക്കിയിട്ടില്ല. കമ്പനിക്ക് നോട്ടീസ് നൽകി ആക്രി സാധനങ്ങൾ ലേലം ചെയ്‌ത് കാർണിവൽ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ നഷ്ടപരിഹാരം ഈടാക്കുന്നതിൽ നഗരസഭ അമാന്തിക്കുന്നു. ഗുരുതര മാലിന്യ പ്രശ്നം തിങ്കളാഴ്ച എൽഡിഎഫ് കൗൺസിലർമാരുടെ സംഘം കലക്ടറെ സന്ദർശിച്ച് ധരിപ്പിക്കും. അന്വേഷണം വൈകിയാൽ സമരം സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് വി ജി വിഷ്ണു പറഞ്ഞു. ആലപ്പുഴ ബീച്ചിന്റെ തെക്കുഭാഗം സാധാരണ ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത വിധത്തിൽ മലിനമായി. കാർണിവൽ കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടിട്ടും കമ്പനി മാലിന്യവും ആക്രി സാധനങ്ങളും നീക്കിയില്ല. നഗരസഭയിൽ കൗൺസിൽ യോഗത്തിൽ കാർണിവലുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാതെ യോഗം തുടരാനാവില്ലെന്ന നിലപാട് എൽഡിഎഫ് സ്വീകരിച്ചതിനെത്തുടർന്ന് നഗരസഭാധ്യക്ഷ വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിൽ 14 ന് വിശദമായ യോഗം വിളിക്കുമെന്ന് തീരുമാനിച്ചിരുന്നു. കരാർ കമ്പനി നഗരസഭയിലും തുറമുഖ വകുപ്പിലും നൽകിയ ഡെപ്പോസിറ്റ് തുക തിരികെ നൽകാൻ പാടില്ല. നിയമാനുസരണം ബീച്ച് പഴയ അവസ്ഥയിലേക്ക് പുനർ നിർമിക്കുന്നതിലേക്ക് തുക ഉപയോഗിക്കണം. യുഡിഎഫ് ഭരണനേതൃത്വം കാണിച്ച കെടുകാര്യസ്ഥതയും അഴിമതിയും പൊതുജനങ്ങൾ തിരിച്ചറിയുമെന്നും വി ജി വിഷ്ണു പറഞ്ഞു. കക്ഷി നേതാക്കളായ ബീന ജോസഫ്, എം ജി സതീദേവി, ബിന്ദു തോമസ്, എസ് ഫൈസൽ, കെ കെ ജയമ്മ, രശ്മി സനൽ, എ എസ് കവിത, ജി ശ്രീജിത്ത്, ടി ആർ രാജേഷ്, രാഗേഷ് കുറുപ്പ്, ലാലി വേണു, രജിത ലാൽ, കെ സിനു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബീച്ച് സന്ദർശിച്ചത്.









0 comments