കുഴൂർ സുധാകര മാരാർ അന്തരിച്ചു

കുഴൂർ സുധാകര മാരാർ
കുഴൂർ (തൃശൂര്‍) : വാദ്യകലാരംഗത്ത് ആറു പതിറ്റാണ്ടിലേറെ നിറസാന്നിധ്യമായിരുന്ന കലാനിലയം കുഴൂർ സുധാകരമാരാർ (70) അന്തരിച്ചു. കുഴൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാരായ്മ പാരമ്പര്യ അവകാശിയായിരുന്നു. അഞ്ചാം വയസ്സിൽ കുഴൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പാണികൊട്ടിയാണ് വാദ്യരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
17–ാം വയസ്സിൽ ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽനിന്ന് കഥകളി ചെണ്ട അഭ്യസിച്ചു. തുടർന്ന് പുത്തൻവേലിക്കര പത്മനാഭമാരാരുടെ കീഴിൽ തായമ്പക, മരപ്പാണി, സോപാന സംഗീതം എന്നിവയും ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട വാദ്യരീതികളും പഠിച്ചു. 21–ാം വയസ്സിൽ കുഴൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തി.
കുഴൂർ ത്രയം എന്നറിയപ്പെട്ട കുഴൂർ നാരായണ മാരാർ, കുഴൂർ കുട്ടപ്പ മാരാർ, കുഴൂർ ചന്ദ്രൻ മാരാർ എന്നിവർക്കൊപ്പം തിമിലയിൽ കൊട്ടിക്കയറിയാണ് ശ്രദ്ധേയനായത്. കൊട്ടിപ്പാടിസേവ, മുടിയേറ്റിലെ കാളി വേഷം, വാദ്യപ്രമാണവും കളമെഴുത്തുംപാട്ടും എന്നിവയും അഭ്യസിച്ചിട്ടുണ്ട്. കേരള ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ 2025 ലെ വാദ്യപ്രതിഭാ പുരസ്‌കാരം, അഖില കേരള മാരാർ ക്ഷേമസഭയുടെ കലാചാര്യ പുരസ്‌കാരം, പരമേശ്വരസ്‌മൃതി പരമേശ്വരീയം പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. സംസ്‌കാരം ചൊവ്വ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന. മക്കള്‍: ശിവപ്രഭ, ശിവപ്രസാദ്. മരുമകന്‍: രഘുലാല്‍.









0 comments