കളം നിറഞ്ഞ് എൽഡിഎഫ്; മുന്നേറ്റം തുടരാൻ വെളിയനാട്

വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് കിടങ്ങറ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി എം വി പ്രിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ
വി കെ വേണുഗോപാൽ
Published on Nov 27, 2025, 12:10 AM | 1 min read
മങ്കൊമ്പ്
വികസനത്തുടർച്ചയ്‌ക്ക് വിരുന്നൊരുക്കാനൊരുങ്ങി വെളിയനാട്ടുകാർ. രൂപീകരണംമുതൽ ഇടതോരം ചേർന്നുനിന്ന ബ്ലോക്ക് പഞ്ചായത്തിൽ വികസനം തുടരാൻ ഇത്തവണയും എൽഡിഎഫ് ഭരിക്കട്ടെ എന്ന് ഉറച്ച നിലപാടിലാണ് വോട്ടർമാർ. പ്രചാരണത്തിൽ ഓരോഘട്ടത്തിലും കളംനിറഞ്ഞ എൽഡിഎഫ് സ്ഥാനാർഥികളെ ആവേശപൂർവമാണ് നാട് സ്വീകരിക്കുന്നത്. ഹാരമണിയിച്ചും ഷാളണിയിച്ചുമാണ് പാതയോരങ്ങളിൽ പ്രവർത്തകർ 14 ഡിവിഷനിലെയും സ്ഥാനാർഥികളെ സ്വീകരിച്ചത്. വീടുകൾ കയറിയാണ് പ്രധാനപ്രചാരണം. മികച്ച പിന്തുണയാണ് സ്ഥാനാർഥികൾക്ക് ലഭിക്കുന്നത്. കുട്ടനാട്ടിലെ നീലംപേരൂർ, കാവാലം, പുളിങ്കുന്ന്, രാമങ്കരി, വെളിയനാട്, മുട്ടാർ എന്നീ ആറ് പഞ്ചായത്തുകൾ ചേർന്നതാണ് വെളിയനാട്. കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങൾ ഓർമിപ്പിച്ചും സർക്കാരിന്റെ വികസനനേട്ടങ്ങൾ പറഞ്ഞുമാണ് സ്ഥാനാർഥികളും പ്രവർത്തകരും വോട്ടുതേടുന്നത്. ആരോഗ്യ, കാർഷിക മേഖലകൾക്ക് മുൻതൂക്കം നൽകിയ പ്രവർത്തനമാണ് ബ്ലോക്ക് പഞ്ചായത്ത് നടത്തിയത്. കുട്ടനാട് താലൂക്കാശുപത്രി, വെളിയനാട് കമ്യൂണിറ്റി സെന്റർ എന്നിവയുടെ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകി. താലൂക്കാശുപത്രിയിൽ സൗകര്യങ്ങൾ വർധിപ്പിക്കാൻ ഇടപെട്ടു. 2018ലെ പ്രളയത്തിൽ മുങ്ങിയ കുട്ടനാട് താലൂക്കാശുപത്രിയിൽ കിഫ്ബി മുഖേന പുതിയ കെട്ടിടം നിർമിക്കാൻ സർക്കാർ തീരുമാനിച്ചു. പല കാരണങ്ങളാൽ വൈകിയ പദ്ധതി നടപ്പാക്കാൻ ബ്ലോക്ക് നിരന്തരം ഇടപെട്ടു. തുടർന്ന് കെട്ടിട നിർമാണത്തിന് കിഫ്ബിയിൽനിന്ന് 106.43 കോടിയുടെ അനുമതി ലഭിച്ചു. ആറ് നിലയിലായി 10,275 ചതുരശ്ര അടി വലിപ്പത്തിലാണ് ആശുപത്രി കെട്ടിടം നിർമിക്കുന്നത്. ടെൻഡറടക്കം മറ്റ് നടപടികൾ പൂർത്തിയായി. ആശുപത്രിയിലേക്ക് ഫയർ ആൻഡ് സേഫ്റ്റി ആക്‌സസ് റോഡ് ഇല്ലായിരുന്നു. റോഡിന് സ്ഥലം കണ്ടെത്താൻ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 1.37 ഏക്കർ ഭൂമി വിലയ്‌ക്ക് വാങ്ങാൻ ഫണ്ട് സമാഹരണത്തിന് ജനകീയസമിതി രൂപീകരിച്ചു. സ്ഥലം വാങ്ങാൻ 35 ലക്ഷം രൂപ ചെലവഴിച്ച് റോഡ് നിർമിച്ചു. എണ്ണിയാൽ തീരാത്ത ഇൗ വികസനനേട്ടങ്ങൾ ആത്‌മവിശ്വാസത്തോടെ മുന്നോട്ടുവച്ചാണ് എൽഡിഎഫ് പ്രചാരണം.









0 comments