ad
Deshabhimani

ആലപ്പുഴ നഗരസഭാധ്യക്ഷയെ എൽഡിഎഫ് ഉപരോധിച്ചു

നഗരസഭ നോക്കുകുത്തി;
മഴക്കാല ശുചീകരണം പാളി

ആലപ്പുഴ നഗരസഭാധ്യക്ഷ മോളി ജേക്കബിനെ എൽഡിഎഫ് ക‍ൗൺസിലർമാർ ചേംബറിൽ ഉപരോധിച്ചപ്പോൾ

ആലപ്പുഴ നഗരസഭാധ്യക്ഷ മോളി ജേക്കബിനെ എൽഡിഎഫ് ക‍ൗൺസിലർമാർ ചേംബറിൽ ഉപരോധിച്ചപ്പോൾ

avatar
സ്വന്തം ലേഖകൻ

Published on Jun 16, 2026, 01:28 AM | 1 min read

ആലപ്പുഴ
മഴക്കാലപൂർവ ശുചീകരണത്തിൽ ആലപ്പുഴ നഗരസഭ ഗുരുതര വീഴ്‍ച വരുത്തിയതോടെ പകർച്ചവ്യാധികൾ പടരുന്നു. ഡെങ്കിപ്പനി, പകര്‍ച്ചപ്പനി തുടങ്ങിയവ വ്യാപകമായിട്ടും നഗരസഭ നോക്കുകുത്തിയാണ്. അമീബിക് മസ്‍തിഷ്‌‍കജ്വരം‌ അടക്കം റിപ്പോര്‍ട്ട് ചെയ്‌തിട്ടും പ്രതിരോധപ്രവര്‍ത്തനം നടത്താതെ അലംഭാവം തുടരുന്നതിൽ പ്രതിഷേധം ശക്തമായി. അധ്യക്ഷ മോളി ജേക്കബിനെ എൽഡിഎഫ് ക‍ൗൺസിലർമാർ ചേംബറിൽ ഉപരോധിച്ചു. പാര്‍ലമെന്ററി പാര്‍ടി നേതാവ് വി ജി വിഷ്‍ണുവിന്റെ നേതൃത്വത്തിൽ സ്ഥിരംസമിതി അധ്യക്ഷരായ എൽ മായ രാജേന്ദ്രൻ, രശ്‍മി സനൽ, എസ് ഫൈസൽ, കൗൺസിലര്‍മാരായ ജി ശ്രീജിത്ത്, ബിന്ദു തോമസ്, ബീന ജോസഫ്, എ എസ് കവിത, എ ഷാനവാസ് എന്നിവരാണ്‌ ഉപരോധിച്ചത്‌. പകര്‍ച്ചവ്യാധി നഗരത്തിൽ പടരുന്പോഴും പ്രാഥമിക ഉത്തരവാദിത്വം പോലും നഗരസഭ നിര്‍വഹിക്കുന്നില്ലെന്ന്‌ എൽഡിഎഫ് വിശദീകരിച്ചു. മഴക്കാല ശുചീകരണം പാളി. ബ്ലീച്ചിങ് പൗഡറും കുമ്മായവും വാര്‍ഡുകളിൽ നേരത്തെ എത്തിച്ചില്ല. എവിടെയും സ്‍പ്രേയിങ് കാര്യക്ഷമമല്ല. പൊതുറോഡുകള്‍ക്കും തോടുകള്‍ക്കും സമീപം കാടുകയറി. നഗരം വൃത്തിയാക്കാൻ നടപടി സ്വീകരിക്കുന്നില്ല. മാലിന്യം വലിച്ചെറിയുന്നത് തടയാൻ പട്രോളിങ്‌ ശക്തമാക്കുന്നില്ല. എല്ലാ വാർഡിലും ആരോഗ്യവിഭാഗത്തിന്റെ വാഹനത്തിൽ ബ്ലീച്ചിങ് പൗഡർ ഇടുക, കൊതുക് നശീകരണത്തിന്‌ സ്‍പ്രേയിങ് ഊർജിതമാക്കുക, ബ്ലീച്ചിങ് പൗഡറും കുമ്മായവും എല്ലാ വാർഡിലും കൃത്യമായി വിതരണംചെയ്യുക, എൽഡിഎഫിന്റെ മൂന്ന് സ്ഥിരംസമിതി അധ്യക്ഷരെക്കൂടി ഉൾപ്പെടുത്തി സ്‌റ്റിയറിങ് കമ്മിറ്റികൾ ചേരുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അധ്യക്ഷയ്‌ക്ക്‌ നിവേദനം നൽകി. അഞ്ച്‌ ചാക്ക് വീതം ബ്ലീച്ചിങ് പൗഡർ, കുമ്മായം എന്നിവ 53 വാർഡുകളിൽ അടിയന്തരമായി വാങ്ങി നൽകാമെന്നത് ഉള്‍പ്പെടെ അധ്യക്ഷ ഉറപ്പ് നൽകിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. ക്ലീനിങ് വേഗത്തിലാക്കാൻ രണ്ട് മണ്ണുമാന്തികൂടി വാടകയ്‌ക്ക്‌ എടുക്കും. പുതുതായി വാങ്ങിയ വലിപ്പം കുറഞ്ഞ മണ്ണുമാന്തി പ്രവര്‍ത്തിപ്പിക്കാൻ വാഹനം വാടകയ്‌ക്ക്‌ എടുക്കും. സ്‌റ്റിയറിങ് കമ്മിറ്റി നിരന്തരം കൂടാമെന്നും സ്‍പ്രേയിങ്, ഫോഗിങ് തുടങ്ങിയ പ്രതിരോധ പ്രവർത്തനം ആരംഭിക്കാമെന്നും ഉറപ്പ് നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home