print edition ഷിഗല്ല: 2 മരണം കൂടി

തിരുവനന്തപുരം: ഷിഗല്ല ബാധിച്ച് തിങ്കളാഴ്‌ച സംസ്ഥാനത്ത് രണ്ടുപേർ മരിച്ചു. മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് മരണം. മലപ്പുറം മങ്ങാട്ടുപുലം സ്വദേശിയും വടക്കേമണ്ണ ക്വാർട്ടേഴ്‌സിൽ താമസക്കാരനുമായ മൂന്നാംപടിയൻ ബൈജുവിന്റെയും നിഥിനയുടെയും മകൻ ആർജവ് (7) തിങ്കളാഴ്‌ച രാവിലെയാണ് മരിച്ചത്. മലപ്പുറം എയുപി സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.
തൃശൂർ കൊടകര കുഴിക്കാണിയിൽ വാടകയ്ക്ക് താമസിക്കുന്ന മാപ്രാണം സ്വദേശി ചെമ്പോത്തുംപറമ്പിൽ വീട്ടിൽ നിയാസും (43) മരിച്ചു. വയറുവേദനയെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ ഷിഗല്ല ബാധിച്ച് ഈ വർഷം സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി. അതിനിടെ കണ്ണൂർ മൊകേരിയില്‍ നാലും എട്ടും വയസ്സുള്ള ആൺകുട്ടികൾക്കും ഷിഗല്ല സ്ഥിരീകരിച്ചു. തലശേരിയിലെ സ്വകാര്യ ആശുപത്രിയിലെ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
നിപാ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലുള്ള ഫാറൂഖ് കോളേജ് സ്വദേശി അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുന്നു. രോഗിയുടെ അടുത്ത ബന്ധുവിനെ നിരീക്ഷണത്തിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറുപേർ നിരീക്ഷണത്തിലാണ്. കോഴിക്കോടും ഇടുക്കിയിലുമായി നാല് പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു.
കോഴിക്കോട് തിക്കോടിയിൽ ഇതര സംസ്ഥാന തൊഴിലാളിക്കാണ് മലേറിയ സ്ഥിരീകരിച്ചത്. തിങ്കളാഴ്‌ച മാത്രം 14,297 പേർ സംസ്ഥാനത്ത് പനിക്ക് ചികിത്സ തേടി. ഇടുക്കി ഒഴിച്ചുള്ള ജില്ലകളിൽ ദിനംപ്രതി അഞ്ഞൂറിലേറെ പേരാണ് പനിക്ക് ചികിത്സ തേടുന്നത്. 45 പേർക്ക് ഇൻഫ്ലുവൻസയും 40പേർക്ക് ഡെങ്കിയും ഏഴ് പേർക്ക് എലിപ്പനിയും എട്ട് പേർക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു.










0 comments