ad
Deshabhimani

ജി സുധാകരന്റെ കോലീ-ബി സഖ്യം 
ജനം പൊളിച്ചടുക്കും: സിപിഐ എം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 06, 2026, 01:52 AM | 2 min read

ആലപ്പുഴ

പുന്നപ്ര–വയലാറിന്റെ പാരമ്പര്യമുള്ള അമ്പലപ്പുഴയിലെ ജനങ്ങൾ ഒരു മേധാവിത്വവും അംഗീകരിക്കുന്നവരല്ലെന്നും ബിജെപിയുമായി സഹകരിച്ച്‌ ജി സുധാകരൻ കെട്ടിപ്പൊക്കിയ കോലീ-ബി സഖ്യം അവർ പൊളിച്ചടുക്കുമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ പ്രസ്‌താവനയിൽ പറഞ്ഞു. വലതുപക്ഷ താവളത്തിൽ സ്വീകാര്യത നേടാൻ എന്തും വിളിച്ച് പറയാൻ മടിയില്ലാത്ത കാപട്യത്തിന്റെ പ്രതീകമായി സുധാകരൻ മാറി. പ്രമുഖനേതാക്കളുടെ പൊതുജീവിതത്തിന്‌ സർട്ടിഫിക്കറ്റ് നൽകുന്ന അധികാരിയായി അദ്ദേഹം സ്വയം വേഷംകെട്ടുകയാണ്. അതിന്റെ ഭാഗമായാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സിപിഐ എം നേതാക്കൾക്ക് മാർക്കിടാനുള്ള നീക്കം. പരസ്‌പരവിരുദ്ധ പ്രതികരണങ്ങൾ വഴി സ്വയം പരിഹാസ്യ കഥാപാത്രമായി. ചിലർ വേട്ടയാടിയതിൽ പ്രകോപിതനായാണ് അംഗത്വം പുതുക്കാതിരുന്നതെന്നാണ് ആദ്യം പറഞ്ഞത്‌. സ്ഥാനാർഥിത്വത്തിൽ ജി സുധാകരനെ പരിഗണിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം ഇഷ്‌ടമാകാത്തതിനാൽ പാർടിയിൽ തുടരുന്നില്ല എന്ന് തീരുമാനിച്ചു എന്നും പറഞ്ഞു. എന്നാൽ ഇതിനൊക്കെ ഏതാനും ദിവസംമുമ്പ് ഒരു മാധ്യമ അഭിമുഖത്തിൽ തന്റെ രാഷ്‌ട്രീയസാധ്യതകൾ തകർത്തവർക്കെതിരെ പ്രതികാരംചെയ്യാൻ അഞ്ച് വർഷമായി കാത്തിരിക്കുകയായിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്. ചില മാധ്യമങ്ങളോട് പറഞ്ഞത് നിയമസഭയിലേക്ക് മത്സരിക്കാൻ താൽപ്പര്യമുണ്ട്, സിപിഐ എം തീരുമാനിച്ചാൽ മത്സരിക്കാമെന്നാണ്. അതിനായി പാർടി ജനറൽ സെക്രട്ടറിയോടും മറ്റ് നേതാക്കളോടും താൽപ്പര്യം നേരിട്ട് പ്രകടിപ്പിച്ചു. ‘പ്ലാൻ എ’ തയ്യാറാക്കി കാത്തിരുന്നു. മാർച്ച് അഞ്ചിന് ചേർന്ന സംസ്ഥാന കമ്മിറ്റി സ്ഥാനാർഥികളെ സംബന്ധിച്ച് തീരുമാനമെടുത്തു. അമ്പലപ്പുഴയിൽ എച്ച് സലാമിനെ നിശ്‌ചയിച്ചു. തുടർന്ന്‌ പ്ലാൻ ബിയുമായി സുധാകരൻ രംഗപ്രവേശംചെയ്‌തു. സ്ഥാനമാനങ്ങളും പദവിയും അധികാരങ്ങളുമാണ് പ്രധാനമെന്നായപ്പോൾ പ്രത്യയശാസ്‌ത്രവും രാഷ്‌ട്രീയവും സംഘടനയുമെല്ലാം ശത്രുപക്ഷത്തായി. യുഡിഎഫിനെയും കോൺഗ്രസിനെയും സന്തോഷിപ്പിക്കാൻ ഏറ്റവും വലിയ കമ്യൂണിസ്‌റ്റ്‌ വിരുദ്ധന്റെ തൊപ്പി സുധാകരൻ സ്വയം എടുത്തണിഞ്ഞു. സർക്കാർ നടപ്പാക്കിയ എല്ലാ വികസനത്തിന്റെയും അവകാശി താൻ മാത്രമാണെന്നാണ് അവകാശവാദം. ഒരു പദ്ധതി തയ്യാറാക്കുന്നതിലും അതിന്‌ പണം അനുവദിക്കുന്നതിലും മന്ത്രിസഭയ്‌ക്കും മറ്റ് മന്ത്രിമാർക്കും ഒരു പങ്കുമില്ലെന്ന സങ്കുചിതവാദമാണോ ജി സുധാകരൻ ഉന്നയിക്കുന്നത്. യുഡിഎഫിന്‌ അധികാരം ലഭിച്ചാൽ എന്താണ് സംഭവിക്കുകയെന്ന മുൻകാല അനുഭവം ജനങ്ങളുടെ ഓർമയിലുണ്ട്. ഫണ്ട് വെട്ടിപ്പിലൂടെയും സീറ്റ് കച്ചവടം വഴിയും ജീർണമായ കോൺഗ്രസാണോ സുധാകരന്‌ പ്ലാൻ ബി നടപ്പാക്കാനുള്ള സഖ്യകക്ഷികൾ?. 10 വർഷമായി തുടർച്ചയായി അധികാരത്തിലിരിക്കുന്ന എൽഡിഎഫ്‌ മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്നും ജില്ലാ സെക്രട്ടറി ആർ നാസർ പ്രസ്‌താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home