കലക്ഷൻ 2.54 ലക്ഷം
വള്ളപ്പാടിന് മുന്നിൽ കെഎസ്‌ആർടിസി

ആലപ്പുഴ
നെഹ്റുട്രോഫി വള്ളംകളിയുടെ ആവേശത്തിരയിൽ കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെല്ലിലൂടെ നൽകിയത് രണ്ടരലക്ഷം രൂപയുടെ ടിക്കറ്റ്. സ്‌പെഷ്യല്‍ ടിക്കറ്റ് കൗണ്ടറില്‍ 523 ടിക്കറ്റുകള്‍ ആകെ നൽകി. 100, 200, 400, 500, 1500, 2500, 3000 എന്നീ ടിക്കറ്റാണ് വിറ്റത്. 500ന്റെ 163 ടിക്കറ്റും 100ന്റെ 146 ടിക്കറ്റും 200ന്റെ 115 ടിക്കറ്റും വിറ്റു. ആകെ കലക്ഷന്‍ 2,54,500 രൂപ. 39 യാത്രക്കാരെ കണ്ണൂരില്‍നിന്ന് പുന്നമടയിലെത്തിച്ചു. കണ്ണൂര്‍ ഡിപ്പോയ്‌ക്ക് ട്രിപ്പില്‍നിന്ന് (കുട്ടനാട് വള്ളംകളി- മലക്കപ്പാറ പാക്കേജ്) ലഭിച്ചത് 88,140 രൂപ. 2022ല്‍ 1,75,100 രൂപയുടെ ടിക്കറ്റും 2023ല്‍ 2,99,500 രൂപയുടെ ടിക്കറ്റും കൊടുത്തിരുന്നു. മുണ്ടക്കൈ ദുരന്തത്തിന് ശേഷം മാറ്റിവച്ച 2024ൽ ടിക്കറ്റ് വില്‍പ്പനയിലൂടെ 1,16,500 രൂപ നേടി. തിരുവനന്തപുരം കനകക്കുന്നില്‍ സംഘടിപ്പിച്ച ട്രാന്‍സ്‌പോ 2025 കെഎസ്‌ആർടിസിയുടെ ബിടിസി പ്രദര്‍ശന സ്‌റ്റാളില്‍ നെഹ്‌റുട്രോഫി ടിക്കറ്റ് കൗണ്ടര്‍ മൂന്ന് ദിവസം പ്രവര്‍ത്തിച്ചു. ഈ ആവേശം ഓണക്കാലത്തും തുടരാനുള്ള ശ്രമത്തിലാണ് ബജറ്റ് ടൂറിസം സെല്‍. പഞ്ചപാണ്ഡവ ക്ഷേത്രദര്‍ശനം 200 യാത്ര ഓണക്കാല ഉല്ലാസയാത്രകള്‍ ആനവണ്ടിയിലൂടെ എന്ന ടാഗ്‌ലൈനില്‍ ജില്ലകളിലും മികച്ച പ്രവര്‍ത്തനങ്ങളാണ് ടൂറിസം സെൽ നടപ്പാക്കുന്നത്. ആറന്‍മുള പള്ളിയോട സേവാസംഘവുമായി സഹകരിച്ച് ആറന്‍മുളസദ്യ ഉള്‍പ്പെടെ പഞ്ചപാണ്ഡവ ക്ഷേത്രദര്‍ശനം 200 യാത്ര പൂര്‍ത്തിയാക്കി. പ്രശസ്‌തമായ ആറന്‍മുള ഉത്രട്ടാതി വള്ളംകളിയും യാത്രയിലുണ്ട്.









0 comments