പിൻവാതിൽ നിയമനം പൊളിഞ്ഞു
52 ജീവനക്കാരെയും കെഎസ്‌ആർടിസി തിരിച്ചെടുത്തു


സ്വന്തം ലേഖകൻ
Published on Jul 18, 2026, 01:41 AM | 1 min read
ആലപ്പുഴ
പിൻവാതിലിലൂടെ പണംവാങ്ങി കെഎസ്‌ആർടിസിയിൽ സ്വന്തക്കാരെ നിയമിക്കാൻ ഭരണകക്ഷി നേതാക്കളുടെ ഇടപെടലിന് തിരിച്ചടി. ജില്ലയിൽ വിവിധ ഡിപ്പോയിൽനിന്ന് അകാരണമായി പുറത്താക്കിയ 52 ജീവനക്കാരെയും തിരിച്ചെടുത്തു. ജീവനക്കാരുടെയും തൊഴിലാളി യൂണിയനുകളുടെയും ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് അധികൃതർ നിലപാട് മാറ്റിയത്. സുതാര്യമായി നിയമിതരായവർ നിയമനടപടി സ്വീകരിച്ചാൽ തിരിച്ചടിയാകുമെന്നതും നിലപാട് തിരുത്താൻ കാരണമായി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുവഴി നിയമിതരായ ജീവനക്കാരെയാണ് ഒരുകാരണവും ബോധിപ്പിക്കാതെ ജൂൺ 30 മുതൽ ജോലിയിൽനിന്ന് പുറത്താക്കിയത്. പുതിയ ജീവനക്കാർക്കായുള്ള ടി–നമ്പർ ലഭിക്കാതിരുന്നതിനാൽ ഇനി ജോലിക്കുവരേണ്ടെന്നായിരുന്നു അറിയിപ്പ്. ചീഫ് ഓഫീസിൽനിന്ന് വന്ന ‘ഫോൺ ഉത്തരവ്’ പ്രകാരമാണ് പുറത്താക്കിയത്. ഇതേ ചീഫ് ഓഫീസിൽനിന്നാണ് തിരിച്ചെടുക്കാനും ഫോൺ ഉത്തരവ് വന്നത്. കായംകുളത്ത് 14, മാവേലിക്കരയിൽ 12, ആലപ്പുഴയിൽ 22, എടത്വയിൽ നാല് എന്നിങ്ങനെയാണ് നിയമിച്ചത്. ഡ്രൈവർ, കണ്ടക്‌ടർ ഉൾപ്പെടെ ജീവനക്കാരുടെ കുറവുകാരണം സർവീസ് മുടങ്ങുന്നത് പതിവായതിനെതുടർന്നാണ് ചീഫ് ഓഫീസിന്റെ അനുമതിയോടെ എംപ്ലോയ്‌മെന്റ് എക്ചേഞ്ചുവഴി അഭിമുഖം നടത്തി ജീവനക്കാരെ നിയമിച്ചത്. ജൂൺ 13നാണ് ഇവർ ജോലിയിൽ പ്രവേശിച്ചത്. ഒരാഴ്‌ചവരെ ജോലിചെയ്‌തു. ഭൂരിഭാഗംപേരും നിലവിലെ ജോലി ഉപേക്ഷിച്ചാണ് കെഎസ്ആർടിസിയിൽ പ്രവേശിച്ചത്. വിവിധ ഡിപ്പോകളിലായി അമ്പതോളം ജീവനക്കാരുടെ കുറവുണ്ട്. പ്രിയദർശിനി പദ്ധതി വന്നതോടെ സർവീസ് താറുമാറായി. പല പ്രധാന റൂട്ടുകളിലും യാത്രക്കാർ പെരുവഴിയിലാകുന്ന അവസ്ഥയിലാണ്.











0 comments