കിഫ്ബിയിൽ പണിയുന്ന സ്‌കൂൾ കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും
പ്ലസ്‌വൺ പ്രവേശനത്തിന് സംവരണം കർശനമായി പാലിക്കണം: മന്ത്രി

മാരാരിക്കുളം
സർക്കാർ, എയ്‌ഡഡ്, അൺ എയ്ഡഡ്, മാനേജ്മെന്റ് സ്‌കൂളുകളിൽ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം നടത്തുമ്പോൾ സംവരണതത്വം കർശനമായി പാലിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. ജൂൺ രണ്ടിന് കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന സംസ്ഥാനതല സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാരിന്റെ സർക്കുലർ പാലിക്കാതെ പ്ലസ് വൺ പ്രവേശനം നടത്തുന്നത് നിയമവിരുദ്ധമാണ്. സർക്കാർ നിർദേശങ്ങൾക്ക് വിരുദ്ധമായി പ്രവേശനം നടത്തുന്ന സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കാനുള്ള അധികാരം പൊതുവിദ്യാഭ്യാസ വകുപ്പിനുണ്ട്. ഇനി കേരളത്തിൽ വിദ്യാഭ്യാസം കച്ചവടമാക്കി മാറ്റാമെന്ന് ആരും ചിന്തിക്കേണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കിഫ്ബി പദ്ധതിയിൽ ഇനി മുതൽ നിർമിക്കുന്ന കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമായിരിക്കും. ഈ കെട്ടിടങ്ങളിൽ ലിഫ്റ്റും സ്ഥാപിക്കും. 2016 വരെ കേരളത്തിന്റെ വിദ്യാഭ്യാസരംഗം ശോച്യാവസ്ഥയിലായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നതോടെ വിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റമുണ്ടായി. 5000 കോടിയിലേറെ രൂപയാണ് വിദ്യാഭ്യാസമേഖലയുടെ വളർച്ചയ്‌ക്ക് സർക്കാർ ഇതുവരെ ചെലവഴിച്ചത്. പൊതുവിദ്യാഭ്യാസ രംഗം ജനങ്ങൾ ഏറ്റെടുത്തതായും മന്ത്രി പറഞ്ഞു. പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. എംഎൽഎമാരായ എച്ച് സലാം, ദലീമ, എം എസ് അരുൺകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ, ജില്ലാ പഞ്ചായത്തംഗം ആർ റിയാസ്, എ ഡി എം ആശ സി എബ്രഹാം , പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, അഡീഷണൽ ഡയറക്ടർമാരായ ആർ എസ് ഷിബു, എം കെ ഷൈൻമോൻ, ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീലത എന്നിവർ സംസാരിച്ചു.










0 comments