ad
Deshabhimani

‘പുനർഗേഹം' ഫ്ലാറ്റുകളുടെ താക്കോൽ കൈമാറി

അവർക്കിനി സ്വന്തം മേൽവിലാസം

കായംകുളം നഗരസഭയിലെ അതിദരിദ്ര കുടുംബങ്ങൾക്ക് മണ്ണുംപുറത്ത് നിർമിക്കുന്ന പുനർഗേഹം  ഫ്ലാറ്റ് സമുച്ചയത്തിൽ അനുവദിച്ച ഫ്ലാറ്റുകളുടെ താക്കോൽ മന്ത്രി സജി ചെറിയാൻ  കായംകുളം നഗരസഭാ ചെയർപേഴ്‌സൺ പി ശശികലയ്ക്ക് ‌കൈമാറുന്നു
വെബ് ഡെസ്ക്

Published on Nov 01, 2025, 01:25 AM | 1 min read

ആലപ്പുഴ

കായംകുളം നഗരസഭയിലെ ഭവനരഹിതരായ 26 അതിദരിദ്ര കുടുംബങ്ങൾ ഇനി പുതിയ മേൽവിലാസത്തിൽ. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പുറക്കാട് മണ്ണുംപുറത്ത് നിർമിക്കുന്ന പുനർഗേഹം ഫ്ലാറ്റ് സമുച്ചയത്തിൽ ഇവർക്കായി അനുവദിച്ച ഫ്ലാറ്റുകളുടെ താക്കോൽ മന്ത്രി സജി ചെറിയാൻ കായംകുളം നഗരസഭാധ്യക്ഷ പി ശശികലയ്ക്ക് കൈമാറി. വിഷൻ 2031 സംസ്ഥാനതല മത്സ്യമേഖലാ സെമിനാർ വേദിയിലാണ്‌ മന്ത്രി താക്കോൽ നൽകിയത്‌. നഗരസഭ പരിധിയിൽ സ്വന്തമായി വീടും മറ്റുവരുമാന മാർഗങ്ങളും ഇല്ലാത്തവരായി കണ്ടെത്തിയ 26 പേരുടെ ദുരിതജീവിതം സർക്കാരിന്റെയും ഫിഷറീസ് വകുപ്പിന്റെയും ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് തീരദേശത്തോട് 50 മീറ്റർ ചുറ്റളവിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി മണ്ണുംപുറത്ത് നിർമിക്കുന്ന പുനർഗേഹം ഫ്ലാറ്റ് സമുച്ചയത്തിലെ ഒഴിവുള്ള ഫ്ലാറ്റുകൾ ഇവർക്കായി അനുവദിച്ചത്. നിലവിൽ മണ്ണുംപുറത്തെ ഫ്ലാറ്റുകളുടെ അവസാനഘട്ട നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. ഒന്നരമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാകും. ആകെ അതിദരിദ്രരായ 50 കുടുംബങ്ങൾക്ക് പദ്ധതിയിൽ ഫ്ലാറ്റ് നൽകുന്നുണ്ടെന്നും മന്ത്രി സജി ചെറിയാൻ ചടങ്ങിൽ അറിയിച്ചു. കായംകുളം നഗരസഭയിലെ അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട 29–-ാം വാർഡ് നിവാസി നസീമ ഗുണഭോക്താക്കളെ പ്രതിനിധീകരിച്ച് ചടങ്ങിലെത്തി. അസുഖബാധിതനായ ഭർത്താവും പ്രായമായ അമ്മയും മകനും അടങ്ങിയ നസീമയുടെ കുടുംബം 30 വർഷമായി വാടകവീടുകളിലാണ്‌ താമസിക്കുന്നത്‌. കൂലിപ്പണിയിൽ നിന്ന് കിട്ടുന്ന ചെറിയ വരുമാനം കൊണ്ട് നിത്യവൃത്തി ആവശ്യങ്ങൾ പോലും നടത്താൻ വഴിയില്ലാതിരുന്ന സമയത്ത് സ്വന്തമായൊരു വീട് എന്നത് ഒരു സ്വപ്നം മാത്രമായിരുന്നുവെന്നും പഞ്ചായത്തും ഫിഷറീസ് വകുപ്പും സർക്കാരും ഒന്നിച്ച് ഞങ്ങൾക്കൊരു വീട് നൽകുവാനായി നടപടി സ്വീകരിച്ചതിൽ സന്തോഷം ഉണ്ടെന്നും എത്രയും വേഗം പുതിയവീട്ടിൽ താമസിക്കുവാൻ വേണ്ടിയുള്ള ആവേശത്തിലാണ് ഞങ്ങളെല്ലാവരും എന്നും അവർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home