കണ്ണടച്ച് കേന്ദ്രസർക്കാർ
മണ്ണെണ്ണ വിലക്കയറ്റം; തീരം വറുതിയിൽ

നെബിൻ കെ ആസാദ്
Published on Apr 18, 2026, 01:17 AM | 1 min read
ആലപ്പുഴ
പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് മണ്ണെണ്ണയ്‌ക്ക് വില കൂടിയതോടെ വലഞ്ഞ് മത്സ്യത്തൊഴിലാളികൾ. ഇടത്തരം മത്തി ധാരാളമായി ലഭിക്കേണ്ട സീസണിൽ വള്ളം കരയ്‌ക്ക് കയറ്റി എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് രണ്ട് മാസത്തോളമായി മത്സ്യത്തൊഴിലാളികൾ. വിപണിയിൽ മത്സ്യലഭ്യത കുറയുകയും വില വർധിക്കുകയുംചെയ്‌തു. യുദ്ധത്തിന് മുമ്പ് കരിഞ്ചന്തയിൽ 100 മുതൽ 110 രൂപയുണ്ടായിരുന്ന മണ്ണെണ്ണയ്‌ക്ക് നിലവിൽ 150 മുതൽ 155 രൂപ വരെയാണ് വില. യുദ്ധസാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ അനുവാദത്തോടെയാണ് കമ്പനികൾ 56 രൂപ വർധിപ്പിച്ചത്. സിവിൽ സപ്ലൈസ് കോർപറേഷന് കീഴിൽ നൽകുന്ന നീല മണ്ണെണ്ണയുടെ വില 67ൽനിന്ന് 120 ആകും. മത്സ്യഫെഡിന്റെ മണ്ണെണ്ണയുടെ വിലയും വർധിക്കും. സിവിൽ സപ്ലൈസ് മണ്ണെണ്ണയുടെ അളവ് കുറഞ്ഞതോടെയാണ് മത്സ്യഫെഡ് വെള്ള മണ്ണെണ്ണ കമ്പനികളിൽനിന്ന് വാങ്ങി സബ്‌സിഡിയോടെ തൊഴിലാളികൾക്ക് വിതരണംചെയ്യുന്നത്. സംസ്ഥാന സർക്കാർ സബ്‌സിഡിയിനത്തിൽ നൽകിയ 25 രൂപ 50 ആക്കി വർധിപ്പിച്ചു. മത്സ്യ ഫെഡിന്റെയും സിവിൽ സപ്ലൈസ് കോർപറേഷന്റെയും മണ്ണെണ്ണയുടെ അളവ് വളരെ കുറഞ്ഞതിനാലാണ് മത്സ്യത്തൊഴിലാളികൾ കരിഞ്ചന്തയിൽ മണ്ണെണ്ണ ധാരാളമായി വാങ്ങുന്നത്. കൂടുതൽ ആശ്രയിക്കുന്നതും കരിഞ്ചന്തയെയാണെന്നിരിക്കെ പകുതിയിലധികം വില വർധിപ്പിച്ചതാണ് തിരിച്ചടിയായത്. ""ഒരു മണിക്കൂറിൽ ഒരു യമഹ എൻജിൻ പ്രവർത്തിക്കാൻ ഏഴ് ലിറ്ററിലധികം മണ്ണെണ്ണ വേണം. മൂന്ന്‌എൻജിൻ വച്ചോടുന്ന വള്ളമാണുള്ളത്. മൂന്ന് മണിക്കൂറിലധികം പണിയെടുക്കുമ്പോൾ 100 ലിറ്ററിന് മുകളിൽ മണ്ണെണ്ണ ചെലവാകും''.– ആലപ്പുഴ ബീച്ച് വാർഡിൽ വിജയക്കമ്പനിക്ക് സമീപത്തെ തീരത്തെ മത്സ്യത്തൊഴിലാളി മെൽവിൻ ബി സേവ്യർ പറഞ്ഞു. ഒരുമാസത്തേക്ക് വലിയൊരു തുക ഇന്ധനത്തിന് വേണം. വരുമാനത്തിന്റെ വലിയൊരു ഭാഗം ഇന്ധനത്തിന് നീക്കിവയ്‌ക്കേണ്ടി വരുന്നത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ നന്നായി ബാധിക്കുന്നു. പരമ്പരാഗതമായി മീൻപിടിക്കുന്നവരും മറ്റ് പണികളിൽ വിദഗ്‌ധരല്ലാത്തവരും കൂടുതൽ ദുരിതത്തിലാണ്. വില വർധനയിൽ കേന്ദ്രസർക്കാർ കണ്ണടയ്‌ക്കുന്നതിനെതിരെ വലിയ പ്രതിഷേധമുണ്ട്.










0 comments