കിടപ്പുരോഗികൾക്ക് കരുതലായ് കാവാലം

കാവാലം പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം
വി കെ വേണുഗോപാൽ
Published on Oct 09, 2025, 01:03 AM | 1 min read
മങ്കൊമ്പ്
കിടപ്പുരോഗികളെയും സാന്ത്വന ചികിത്സ ആവശ്യമായവരെയും ചേർത്തുപിടിക്കുകയാണ് കാവാലം പഞ്ചായത്ത്. 130 പാലിയേറ്റീവ് രോഗികള്‍ക്ക് വീട്ടിലെത്തി ആതുരസേവനം നൽകുന്നു. കുടുംബാരോഗ്യകേന്ദ്രം മാതൃകാപ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ജില്ലാ പഞ്ചായത്ത് പദ്ധതിവഴി പാലിയേറ്റീവ് കെയർ നഴ്‌സിനെ നിയോഗിച്ചു. വാഹനസൗകര്യവും ഏർപ്പെടുത്തി. ജില്ലാ മെഡിക്കല്‍ ഓഫീസ് പാലിയേറ്റീവ് വിഭാഗം സേവനങ്ങളും ലഭ്യമാക്കി. കാവാലം പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തി. 56.50 ലക്ഷം രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം നിര്‍മിച്ചത്. രക്‌തപരിശോധനയ്‌ക്ക് ആധുനിക സംവിധാനമായ ഹെമറ്റോളജി അനലൈസര്‍, മെറിലൈസര്‍ എന്നിവയും ഒപി കൗണ്ടര്‍, ലാബ്, ഫാര്‍മസി എന്നിവയും ഒരുക്കി. ദിവസം ശരാശരി 175 പേര്‍ ചികിത്സയ്‌ക്കെത്തുന്നു. ജീവിതശൈലീരോഗങ്ങള്‍ സംബന്ധിച്ച പരിശോധനകള്‍ ലാബില്‍ ലഭ്യമാണ്. മാനസികാരോഗ്യ സംരക്ഷണത്തിന് മാസത്തിലൊരിക്കലാണ് ഒപി. 42 പേർക്ക് ചികിത്സ നല്‍കുന്നുണ്ട്. മാലിന്യമുക്ത നവകേരളം പദ്ധതിയിൽ ജൈവ, അജൈവ മാലിന്യ ശേഖരണം മികച്ചരീതിയിലാണ്. സ്‌കൂളിലും കൃഷിത്തോട്ടം, ദാരിദ്ര നിർമാർജനം ലക്ഷ്യമിട്ട് വീടുകളിൽ കന്നുകാലികളെ നൽകി, കുടുംബശ്രീ വനിതകൾക്ക് ബ്യൂട്ടീഷൻ കോഴ്സ് നടപ്പാക്കി, കുടിവെള്ളപദ്ധതി, മഴവെള്ളസംഭരണി, ആർഒ പ്ലാന്റുകൾ, കുടുംബശ്രീയുടെ നേതൃത്വത്തിൽ 336 മൈക്രോ സംരംഭങ്ങൾ തുടങ്ങി ഒട്ടേറെ പദ്ധതികളാണ് പഞ്ചായത്ത് മികച്ച രീതിയിൽ നടപ്പാക്കിയത്. പ്രധാന നേട്ടങ്ങളിൽ ചിലത് അതിദാരിദ്ര്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു ക്ഷയരോഗമുക്ത പഞ്ചായത്തിനുള്ള അവാർഡ് നേടി വിദ്യാലയങ്ങളിലും സർക്കാർ ഓഫീസുകളും ഹരിതചട്ടം ഹരിത അയൽക്കൂട്ടങ്ങൾ പരാതി പരിഹാരത്തിന് സെൽ കാർഷികമേഖലയ്‌ക്ക് സമഗ്ര വികസനപദ്ധതി ഹരിത മിത്രം 2.0 ആപ്പ് സംസ്ഥാനത്ത് ആദ്യമായി 100 ശതമാനം സേവനം പൂർത്തീകരിച്ചു സ്‌കൂളുകളിൽ ഉറവിട മാലിന്യ സംസ്‌കരണത്തിന് സോക് പിറ്റുകൾ രണ്ടായിരത്തോളം ബയോബിന്നുകൾ നൽകി









0 comments