എം എ അലിയാർക്ക് സ്‌മരണാഞ്‌ജലി
സർക്കാരിനെതിരെ ആയുധമാക്കാൻ ഡിജിപി നിയമനം വിവാദമാക്കുന്നു: എം വി ജയരാജൻ

എം എ അലിയാർ അനുസ്‌മരണം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
റവാഡ ചന്ദ്രശേഖറിനെ ഡിജിപിയായി നിയമിച്ചത് വിവാദമാക്കുന്നതിന് പിന്നിൽ സർക്കാരിനെതിരെ എന്തും ആയുധമാക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം മാധ്യമങ്ങളും അത് ഏറ്റുപിടിക്കുന്ന പ്രതിപക്ഷനേതാവുമാണെന്നും ഇത് ജനം തിരിച്ചറിയുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ. ജില്ലാ സെക്രട്ടറിയറ്റംഗവും സിഐടിയു നേതാവുമായിരുന്ന എം എ അലിയാരുടെ നാലാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി കരീലക്കുളങ്ങരയിൽ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കൂത്തുപറമ്പ് വെടിവയ്‌പ്പിൽ റവാഡ ചന്ദ്രശേഖറിന് പങ്കില്ലെന്ന് ജുഡീഷ്യൽ അന്വേഷണ കമീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവം നടക്കുന്നതിന് രണ്ടുദിവസം മുമ്പാണ് കണ്ണൂരിൽ എഎസ്‌പിയായി റവാഡ ചന്ദ്രശേഖർ ചാർജെടുക്കുന്നത്. സംഭവത്തിൽ ഡെപ്യൂട്ടി കലക്‌ടർ പി പി ആന്റണി, ഡിവൈഎസ്‌പി ഹക്കിം ബത്തേരി എന്നിവരാണ് കുറ്റക്കാരെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വെടിവയ്‌പ്പിന് ഉത്തരവിട്ടത് പി പി ആന്റണിയാണെന്നും റിപ്പോർട്ടിലുണ്ട്. ചുമതലയുള്ള തലശേരി ആർഡിഒയെ ഒഴിവാക്കി ഡെപ്യൂട്ടി കലക്‌ടർക്ക് ചുമതല നൽകിയതിൽ ദുരൂഹതയുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതിയായി കേസെടുത്ത് അറസ്‌റ്റ് ചെയ്‌ത ജില്ലാ പൊലീസ് മേധാവിയായിരുന്ന പത്മകുമാറിന് പിന്നീട് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ മാധ്യമങ്ങളുടെ മുതലക്കണ്ണീർ ഉണ്ടായില്ലെന്നും എം വി ജയരാജൻ പറഞ്ഞു.
വാലിയേക്കുളങ്ങരയിൽ നടന്ന യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ വി പ്രഭാകരൻ അധ്യക്ഷനായി. കൺവീനർ കെ ബി പ്രശാന്ത് സ്വാഗതം പറഞ്ഞു. സിപിഐ എം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ യു പ്രതിഭ എംഎൽഎ, പി ഗാനകുമാർ, ഷെയ്‌ഖ് പി ഹാരീസ്, ഏരിയ സെക്രട്ടറി ബി അബിൻഷാ, വി അരവിന്ദാക്ഷൻ, എസ് നസിം, എസ് ആസാദ്, എസ് ഗോപിനാഥൻപിള്ള, വി മുരളീധരൻ, ആർ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി, പഞ്ചായത്ത് പ്രസിഡന്റ് എൽ ഉഷ എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽനിന്നെത്തിയ അനുസ്‌മരണറാലിയിൽ സ്‌ത്രീകളടക്കം നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ അടക്കം നിരവധി നേതാക്കളും പ്രവർത്തകരും പുഷ്‌പാർച്ചനയിൽ പങ്കെടുത്തു.









0 comments