ജനവിധിക്കായി കുടുംബശ്രീ; 16,547 പുഞ്ചിരികൾ


റഷീദ് ആനപ്പുറം
Published on Nov 28, 2025, 06:59 PM | 1 min read
തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ കുടുംബശ്രീ അംഗങ്ങൾ ജനവിധി തേടുമ്പോൾ പ്രത്യേകതകൾ ഏറെയാണ്. 16,547 പേരിൽ അട്ടപ്പാടി ട്രൈബൽ മേഖലയിലെ സ്‌പെഷ്യൽ പ്രൊജക്ടിലെ 35 പേരും യുവതലമുറയുടെ കൂട്ടായ്‌മയായ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളായ 132 പേരും മത്സരിക്കുന്നു. 227 പേർ സിഡിഎസ് ചെയർപേഴ്‌സൺമാരും 1985 പേർ സിഡിഎസ് അംഗങ്ങളും 12347 പേർ അയൽകൂട്ടം അംഗങ്ങളുമാണ്
തിരുവനന്തപുരം : തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ജനവിധി തേടി 16,589 കുടുംബശ്രീ അംഗങ്ങൾ. ഇതിൽ 16,547 പേർ കുടുംബശ്രീ ത്രിതല സംവിധാനത്തിൽപെട്ടവരും 132 പേർ യുവതലമുറയുടെ കൂട്ടായ്‌മയായ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുമാണ്. അട്ടപ്പാടി ട്രൈബൽ മേഖലയിലെ സ്‌പെഷ്യൽ പ്രൊജക്ടിലെ 35 പേരും മത്സരിക്കുന്നു. ജനവിധി തേടുന്നവരിൽ 227 പേർ സിഡിഎസ് ചെയർപേഴ്‌സൺമാരും 1985 പേർ സിഡിഎസ് അംഗങ്ങളും 12347 പേർ അയൽകൂട്ടം അംഗങ്ങളുമാണ്. അട്ടപ്പാടി സ്‌പെഷ്യൽ പ്രൊജക്ടിൽനിന്ന് മത്സരിക്കുന്നവരിൽ രണ്ടുപേർ പഞ്ചായത്ത് സമിതി ചെയർപേഴ്‌സൺമാരും ഒമ്പത് പേർ ഉൗരുസമതി അംഗങ്ങളും 24 പേർ അയൽകൂട്ടം അംഗങ്ങളുമാണ്. ജനങ്ങളുമായി ഏറെ ആഴത്തിൽ ബന്ധമുള്ളവരാണ് കുടുംബശ്രീ അംഗങ്ങൾ.
ആലപ്പുഴ ജില്ലയിൽനിന്നാണ് ഏറ്റവും കൂടുതൽ പേർ മത്സരിക്കുന്നത്. 1735 പേർ. തിരുവനന്തപുരം ജില്ലയിൽ1648 പേരും കോഴിക്കോട് ജില്ലയിൽ1584 പേരും മത്സരിക്കുന്നു. ഏറ്റവും കുറവ് പേർ മത്സരിക്കുന്നത് ഇടുക്കി ജില്ലയിലാണ്- 269 പേർ. തദ്ദേശഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നാവരിൽ പകുതിയോളം പേർ ന്യൂജെൻ ആണ്. ആ പരിഗണനയാണ് ഒക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും ലഭിച്ചത്. 18– 40 വയസിന് ഇടയിൽ പ്രായമുള്ള യുവതികളാണ് ഓക്‌സിലറി ഗ്രൂപ്പിലുള്ളത്.
മത്സരിക്കുന്ന കുടുംബശ്രീക്കാർ ജില്ല തിരിച്ച്
ജില്ല | ആകെ | ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ |
തിരുവനന്തപുരം | 1648 | 6 |
കൊല്ലം | 993 | 11 |
പത്തനംതിട്ട | 808 | 5 |
ആലപ്പുഴ | 1735 | 25 |
കോട്ടയം | 882 | 6 |
ഇടുക്കി | 269 | 1 |
എറണാകുളം | 1634 | 16 |
തൃശൂർ | 1565 | 17 |
പാലക്കാട് | 1402 | 1 |
മലപ്പുറം | 1499 | 21 |
കോഴിക്കോട് | 1584 | 4 |
വയനാട് | 454 | 1 |
കണ്ണൂർ | 1305 | 11 |
കാസർകോട് | 776 | 7 |








0 comments