'കുഞ്ഞുങ്ങളുടെ ശവപ്പെട്ടിക്കാണ് ഏറ്റവും കനം; അമ്മയെ ചതിച്ച് ഗർഭത്തിലെ കുഞ്ഞിനെ കൊന്നവനാണ് ഏറ്റവും ക്രൂരൻ' : ഡിവൈഎഫ്ഐ

തിരുവനന്തപുരം: ലൈംഗികപീഡനവും നിർബന്ധിത ഗർഭഛിദ്രവും നടത്തിയെന്ന യുവതിയുടെ പരാതിയിൽ കേസ് നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വ്യാപക പ്രതിഷേധവുമായി ഡിവൈഎഫ്ഐ. 'കുഞ്ഞുങ്ങളുടെ ശവപ്പെട്ടിക്കാണ് ഏറ്റവും കനം; അമ്മയെ ചതിച്ച് ഗർഭത്തിലെ കുഞ്ഞിനെ കൊന്നവനാണ് ഏറ്റവും ക്രൂരൻ' എന്ന പോസ്റ്റർ ക്യാമ്പയിനുമായാണ് ഡിവൈഎഫ്ഐ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ പ്രകടനവും മാർച്ചും സംഘടിപ്പിച്ചത്.
ഒരു നിമിഷം പോലും രാഹുലിന് എംഎൽഎ സ്ഥാനത്ത് തുടരാൻ അധികാരമില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പ്രതികരിച്ചിരുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കുക എന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ കണ്ണൂരിൽ നടത്തിയ പ്രതിഷേധ പ്രകടനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ഉദ്ഘാടനം ചെയ്യുന്നു
'രാഹുലും ഷാഫിയുമൊക്കെ ഒരു അധോലോകമായി പ്രവർത്തിക്കുകയാണ്. എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു ക്രിമിനൽ സംഘമായിട്ട് ഇവർ കോൺഗ്രസിൽ പിടിയുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഇവരെ ഭയന്നാണ് നോതാക്കൾ പോലും എതിർത്ത് പറയാത്തത്. ഒരേ സമയത്ത് നരഹത്യ നടത്തുന്നു ഭീഷണിപ്പെടുത്തുന്നു, അധികാരം ദുർവിനിയോഗം ചെയ്യുന്നു. ഇതെല്ലാം ഈ സ്ഥാനത്ത് ഇരുന്നുകൊണ്ടാണ്. ഒരു കാരണവശാലും കേരള രാഷ്ട്രീയത്തിലും പൊതു മണ്ഡലത്തിലും രാഹുൽ തുടരരുത്' സനോജ് പറഞ്ഞു.


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാർച്ച്
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി എടുക്കാൻ മടിക്കുകയാണ് കോൺഗ്രസ്. മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ നടപടി വേണ്ടെന്നാണ് നേതൃതലത്തിലെ തീരുമാനം. എംഎൽഎ സ്ഥാനം രാജിവെക്കാനും ആവശ്യപ്പെടില്ല.
ആരോപണങ്ങൾ ഉയർന്നഘട്ടത്തിൽതന്നെ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്തിരുന്നു എന്ന ന്യായീകരണമാണ് നേതാക്കൾ ഉയർത്തുന്നത്. എന്നാൽ സസ്പെൻഷന് ശേഷവും നേതൃത്വത്തിന്റെ സംരക്ഷണയിലാണ് മാങ്കൂട്ടത്തിൽ പുറത്തിറങ്ങിയത്. മണ്ഡലമായ പാലക്കാട് വിവിധ പരിപാടികളിൽ യുഡിഎഫ് നേതാക്കൾ ക്ഷണിക്കുകയും ചെയ്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേതാക്കൾക്കായി സജീവപ്രചാരണത്തിനും മാങ്കൂട്ടത്തിൽ ഇറങ്ങി. തന്നോട് പ്രചാരണത്തിന് ഇറങ്ങേണ്ടെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് മാങ്കൂട്ടത്തിൽ സ്ഥിരീകരിക്കുകയും ചെയ്തു.
മാങ്കൂട്ടത്തിലിനെ ന്യായീകരിച്ചും അതീജീവിതയെ അധിക്ഷേപിച്ചുമാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പ്രതികരിച്ചത്. മാങ്കൂട്ടത്തിലിനെതിരെയുള്ളത് സിപിഐ എം ഉണ്ടാക്കിയ കെണിയാണെന്നും, അതിജീവിത സിപിഐ എമ്മിന് കിട്ടിയ ഇരയാണെന്നുമായിരുന്നു അടൂർ പ്രകാശിന്റെ ആക്ഷേപം. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പരാതി എഴുതിവാങ്ങിയെന്ന് എം എം ഹസനും ആരോപിച്ചു. ഇത്രയുംനാൾ പരാതിക്കാരി ഒളിവിലായിരുന്നോ എന്നായിരുന്നു പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്റെ പരിഹാസം. ഇതിനിടെ സോഷ്യൽമീഡിയയിലൂടെ മാങ്കൂട്ടത്തിലിന്റെ കീഴിലുള്ള സൈബർസംഘം യുവതിക്കെതിരെ അധിക്ഷേപപ്രചാരണം നടത്തുകയും ചെയ്യുന്നുണ്ട്.








0 comments