ഇന്ത്യൻ ബാങ്കുകളുടെ വിദേശവൽക്കരണം ബാങ്കിങ് മേഖലയെ അപകടത്തിലാക്കും: ജോൺ ബ്രിട്ടാസ് എംപി

john brittas
വെബ് ഡെസ്ക്

Published on Nov 28, 2025, 07:11 PM | 2 min read

ന്യൂഡൽഹി : വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ നിന്ന് ഇന്ത്യൻ ബാങ്കുകളെ സംരക്ഷിക്കുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എം പി ധനകാര്യമന്ത്രി നിർമല സീതാരാമന് കത്തയച്ചു. ബാങ്കിംഗ് മേഖലയിലെ എഫ്ഡിഐ അംഗീകാര ചട്ടക്കൂടിന്റെ അവലോകനം നടത്തണമെന്നും കാത്തലിക്ക് സിറിയൻ ബാങ്ക് ജീവനക്കാർക്ക് സേവനവ്യവസ്ഥകളുടെ സംരക്ഷണത്തോടൊപ്പം നിയമാനുസൃതമായ ബിപിഎസ്-ലിങ്ക്ഡ് ശമ്പള പരിഷ്കരണങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു.


2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയിൽ ബാങ്കിംഗ് മേഖലയിൽ വിദേശ നിയന്ത്രണങ്ങൾ ഇല്ലാത്തിരുന്നത് കാരണം ഇന്ത്യൻ ബാങ്കിംഗ് സംരക്ഷിക്കപ്പെട്ടെങ്കിലും, ഈ പ്രതിരോധശേഷി ഇപ്പോൾ അപകടത്തിലാണ്. കാത്തലിക്ക് സിറിയൻ ബാങ്കിന് പുറമെ ലക്ഷ്മി വിലാസ് ബാങ്ക്, യെസ് ബാങ്ക്, ആർബിഎൽ ബാങ്ക്, ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, തുടങ്ങിയ ബാങ്കുകളിൽ ഇപ്പോൾ പൂർണമായോ ഭാഗികമായോ വിദേശ നിക്ഷേപങ്ങളുണ്ട്.


കാനഡ ആസ്ഥാനമായ ഫെയർഫാക്സ് ഗ്രൂപ്പ് കാത്തലിക് സിറിയൻ ബാങ്ക് ഏറ്റെടുത്തത് മുതലുള്ള, വിദേശസ്ഥാപനങ്ങളുടെ ബാങ്കിംഗ് മേഖലയിലേക്കുള്ള കടന്നുകയറ്റം ഇന്ത്യയുടെ ബാങ്കിംഗ് നയത്തിലെ അപകടകരമായ മാറ്റത്തെ അടയാളപ്പെടുത്തുന്നതും ബാങ്കിംഗ് മേഖലയുടെ വിദേശവൽക്കരണ പ്രവണതയെ പ്രതിഫലിപ്പിക്കുന്നതുമാണ്. ഇത് ബാങ്ക് ദേശസാൽക്കരണ മനോഭാവത്തെ മാറ്റിമറിക്കുന്നതാണെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി കത്തിൽ മുന്നറിയിപ്പ് നൽകി.


ചെറുകിട വായ്പക്കാർക്കും, കർഷകർക്കും, സംരംഭകർക്കും സേവനം നൽകിയിരുന്ന ഒരു ജനകീയ ബാങ്കായിരുന്ന സിഎസ്ബി ഇപ്പോൾ കാർഷിക, വിദ്യാഭ്യാസ, ഭവന, ചെറുകിട ബിസിനസ് വായ്പകൾ ഗണ്യമായി കുറച്ചിരിക്കുകയാണ്. അതേസമയം, കോർപ്പറേറ്റ് മേഖലയിലേക്കുള്ള വായ്പാ പരിധി ബാങ്ക് വൻതോതിൽ വർദ്ധിപ്പിച്ചിട്ടുമുണ്ട്. സേവിംഗ്സ് അക്കൗണ്ട് തുറക്കാൻ 10,000 രൂപ പ്രാരംഭ നിക്ഷേപം വേണമെന്ന് ബാങ്ക് നിർബന്ധിക്കുന്നതായി റിപ്പോർട്ടുകളുണ്ടെന്നും ബ്രിട്ടാസ് കത്തിൽ ചൂണ്ടിക്കാട്ടി.


2015 ൽ ഉണ്ടായിരുന്ന 2,906 സ്ഥിരം ജീവനക്കാരെ ഇപ്പോൾ 906 ആയി കുറച്ച ബാങ്ക് കരാർ നിയമനങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തു. ഒമ്പത് വർഷത്തിനിടയിൽ ഒരു സ്ഥിരം നിയമനം പോലും സി എസ് ബിയിൽ നടന്നിട്ടില്ല. വിദേശ നിയന്ത്രണത്തിന് കീഴിലായതിനുശേഷം, ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം 60 ൽ നിന്ന് 58 ആയി കുറയ്ക്കുകയും ചെയ്തു. ദേശീയ സാമ്പത്തിക സ്ഥിരതയ്ക്ക് അത്യന്താപേക്ഷിതമായ നിക്ഷേപം സ്വീകരിക്കുന്ന ബാങ്കുകളിൽ വിദേശ സ്ഥാപനങ്ങൾ നിയന്ത്രണം നേടുന്നത് തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഡോ. ബ്രിട്ടാസ് ധനമന്ത്രി നിർമല സീതാരാമന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home