ചൈനയുടെ വളർച്ചയും പഞ്ചവത്സര പദ്ധതികളും

CHINA DEV.
avatar
സാജൻ എവുജിൻ

Published on Nov 28, 2025, 05:56 PM | 2 min read

പഞ്ചവത്സര പദ്ധതികളിലൂടെ ചൈന മുന്നേറുന്പോൾ ഇ‍ൗ ആസൂത്രണസംവിധാനം ഉപേക്ഷിച്ച ഇന്ത്യ വളർച്ചയിൽ ഇഴയുന്നു. ചൈനയുടെ മൊത്തം ആഭ്യന്തര ഉൽപാദനം ഇക്കൊല്ലം 19.72 ലക്ഷം കോടി ഡോളറായി ഉയരുമെന്ന്‌ കണക്കാക്കുന്നു; ഇന്ത്യയുടെ ജിഡിപി 4.2 ലക്ഷം കോടി ഡോളറാണ്‌. ഇന്ത്യ അഞ്ച്‌ ലക്ഷം കോടി ഡോളറിന്റെ സമ്പദ്‌ഘടനയെന്ന ലക്ഷ്യം കൈവരിക്കാൻ വൈകുമെന്നാണ്‌ ഒടുവിലത്തെ അനുമാനം.


സോവിയറ്റ്‌ മാതൃകയിൽ ഇന്ത്യയിൽ നടപ്പാക്കിയ പഞ്ചവത്സര പദ്ധതി സംവിധാനം മോദിസർക്കാർ ഉപേക്ഷിച്ചു. 12–ാം പഞ്ചവത്സര പദ്ധതി നിർവഹണം പാതിവഴിയിൽ എത്തിനിൽക്കവെ 2014ൽ മോദിസർക്കാർ ആസൂത്രണ കമീഷൻ പിരിച്ചുവിടുകയും പകരം നിതി ആയോഗ്‌ എന്ന ഏജൻസി രൂപീകരിക്കുകയും ചെയ്‌തു. പഞ്ചവത്സര പദ്ധതി സംവിധാനം അശാസ്‌ത്രീയമാണെന്ന്‌ ആരോപിച്ചായിരുന്നു ഇ‍ൗ പരിഷ്‌കാരം.


അതിനുശേഷം ബിജെപി സർക്കാർ ഓരോ ഘട്ടത്തിലും വ്യത്യസ്‌ത കാലയളവിലെ ലക്ഷ്യങ്ങളാണ്‌ മുന്നോട്ടുവയ്‌ക്കുന്നത്‌. ഇതിന്റെയൊന്നും ലക്ഷ്യപ്രാപ്തി വിലയിരുത്തുന്നില്ല. വീണ്ടും ചില പ്രഖ്യാപനങ്ങൾ നടത്തുന്നു. തട്ടിക്കൂട്ട്‌ കണക്കുകളുമായി അവകാശവാദങ്ങൾ ഉന്നയിക്കുന്നു. ഇതിന്റെയൊക്കെ ഫലമായി രാജ്യത്തെ സ്ഥിതിവിവരക്കണക്ക്‌ സംവിധാനത്തിന്റെ വിശ്വാസ്യത തന്നെ ചോദ്യംചെയ്യപ്പെട്ടിരിക്കയാണ്‌.


ചൈനയുടെ വളർച്ച


ഇന്ത്യയിൽ 1951ലാണ്‌ ഒന്നാം പഞ്ചവത്സര പദ്ധതിക്ക്‌ തുടക്കമിട്ടതെങ്കിൽ ചൈന രണ്ട്‌ വർഷത്തിനുശേഷമാണ്‌ ഇ‍ൗ പാതയിൽ വികസനആസൂത്രണം ആരംഭിച്ചത്‌. ഘന വ്യവസായങ്ങൾക്കും സോഷ്യലിസ്‌റ്റ്‌ സമീപനത്തിൽ വ്യവസായവൽക്കരണത്തിനും ഉ‍ൗന്നൽ നൽകിയാണ്‌ ചൈന ഒന്നാം പദ്ധതി നടപ്പാക്കിയത്‌(1953–1957).


വ്യാവസായിക സാങ്കേതിക വിദ്യാ പരിവർത്തനത്തിനും ഘനവ്യവസായങ്ങൾക്കും പ്രാമുഖ്യം നൽകിയായിരുന്നു രണ്ടാം പദ്ധതി(1958–1962). 1966–1975 കാലത്ത്‌ നടപ്പാക്കിയ പദ്ധതിയിൽ വ്യവസായ മുന്നേറ്റത്തിനായുള്ള ഗതാഗതസ‍ൗകര്യങ്ങൾക്കും പ്രതിരോധ സാങ്കേതികവിദ്യക്കും പ്രാധാന്യം നൽകി. സന്തുലിതവും യുക്തിസഹവുമായ സാന്പത്തിക വളർച്ച ലക്ഷ്യമിട്ട്‌ 1976–1980 കാലത്ത്‌ അഞ്ചാം പദ്ധതി നടപ്പാക്കി.


ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ 11–ാം കേന്ദ്രകമ്മിറ്റിയുടെ മൂന്നാം പ്ലീനറി സമ്മേളനം കൈക്കൊണ്ട തീരുമാനങ്ങൾ സാമ്പത്തികനയങ്ങളിൽ ദിശാബോധം പകർന്നു. ആറാം പദ്ധതി സന്പദ്‌ഘടനയിൽ ഒട്ടേറെ പരിഷ്‌കാരങ്ങൾ കൊണ്ടുവന്നു(1981–1985). കാർഷികോൽപാദനം വൻതോതിൽ വർധിക്കുകയും സന്പദ്‌ഘടന ലോകത്തിനുമുന്നിൽ തുറന്നുകൊടുക്കുകയും ചെയ്‌തു.


ദാരിദ്ര്യം മറികടന്ന്‌ പുരോഗതിയിലേയ്‌ക്ക്‌


ഏഴാം പദ്ധതിക്കാലത്തും(1986–1990) പരിഷ്‌കാരങ്ങൾ തുടരുകയും കൃഷി, മൃഗസംരക്ഷണം, കാർഷികവിഭവങ്ങൾ, മത്സ്യമേഖല എന്നീ രംഗങ്ങളിൽ വളർച്ച നേടുകയും ചെയ്‌തു. നാല്‌ ദശകത്തിനുള്ളിൽ 80 കോടി പേരെ ദാരിദ്ര്യത്തിൽനിന്ന്‌ കരകയറ്റാനുള്ള പ്രവർത്തനങ്ങൾക്കാണ്‌ അടിത്തറയിട്ടത്‌.


സോഷ്യലിസ്‌റ്റ്‌ കമ്പോളവ്യവസ്ഥയ്‌ക്ക്‌ തുടക്കമിട്ടത്‌ എട്ടാം പദ്ധതിയിലാണ്‌(1991–1995); ഇതോടെ വളർച്ച 12 ശതമാനമെന്ന നിരക്കിൽ കുതിച്ചു. ജനങ്ങളുടെ ജീവിതനിലവവാരത്തിൽ പുരോഗതി കൈവരിക്കാൻ ഒൻപതാം പദ്ധതി വഴി സാധിച്ചു. 2000ൽ ചൈനയുടെ ജിഡിപി ലക്ഷം കോടി ഡോളറായി. പ്രതിശീർഷ വരുമാനം 850 ഡോളറായും ഉയർന്നു.


കാർഷിക–വ്യവാസായിക ഉൽപാദന മേഖലകളിൽ ലോകത്തെ മുൻനിര രാഷ്‌ട്രങ്ങളുടെ ശ്രേണിയിലെത്തി. പത്താം പദ്ധതിക്കാലത്ത്‌ സമ്പദ്‌ഘടന പുനഃസംഘടിപ്പിക്കുകയും വിവരസാങ്കേതിക വിദ്യ സർവ മേഖലകളിലും പ്രയോഗിക്കുകയും ചെയ്‌തു(2001–2005). ചൈനയുടെ വ്യവസായവൽക്കരണത്തിനും നഗരവൽക്കരണത്തിനും ഗതിവേഗം കൂടുകയും ജിഡിപി വലിപ്പത്തിൽ ലോകത്ത്‌ നാലാം സ്ഥാനത്ത്‌ എത്തുകയും ചെയ്‌തു.


11–ാം പദ്ധതിയിൽ ചൈന സാമൂഹിക–സാത്തിക വികസനം സംബന്ധിച്ച്‌ ശാസ്‌ത്രീയ കാഴ്‌ചപ്പാടോടെ സോഷ്യലിസ്‌റ്റ്‌ കന്പോള വ്യവസ്ഥയിലേയ്‌ക്ക്‌ ഒ‍ൗപചാരികമായി കടന്നു. തദ്ദേശീയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനും സാമൂഹിക സ‍ൗ‍ഹാർദ്ദം പ്രോത്സാഹിപ്പിക്കുന്നതിനും ഉ‍ൗന്നൽ നൽകി.


കേവലം ജിഡിപി വളർച്ച എന്നതിനപ്പുറം സന്തുലിതവും ഉയർന്ന നിലവാരത്തിലുള്ളതുമായ വികസനം സാധ്യമാക്കുന്നതിൽ കേന്ദ്രീകരിച്ചായിരുന്നു പന്ത്രണ്ടാം പദ്ധതി(2011–2015). വരുമാന വർധന, പരിസ്ഥിതിപരമായ അവകാശങ്ങൾ എന്നിവ ഉറപ്പിക്കുകയും ചൈന ലോകത്തെ രണ്ടാമത്തെ സാന്പത്തിക ശക്തിയായി വളരുകയും ചെയ്‌തു.


പ്രകൃതിയും വളർച്ചയും തമ്മിലുള്ള പൊരുത്തക്കേടുകൾ പരിഹരിക്കുന്നതിനും വികസനം സന്തുലിതമാക്കുന്നതിനും പുരോഗതിയുടെ ഫലങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിനും 13–ാം പദ്ധതിയിൽ മുൻഗണന നൽകി(2016–2020). തുടർന്ന്‌ നടപ്പാക്കിയ 14–ാം പദ്ധതിയിൽ ഇ‍ൗ ലക്ഷ്യങ്ങൾ കൂടുതൽ ഉറപ്പിച്ചു. കോവിഡ്‌ കാല പ്രതിസന്ധിയും ഇതര വെല്ലുവിളികളും തരണം ചെയ്‌ത്‌ മുന്നോട്ടുപോയി.


അടുത്ത അഞ്ച്‌ വർഷത്തേയ്‌ക്കുള്ള 15–ാം പദ്ധതിക്ക്‌ സിപിസിയുടെ 20–ാം കേന്ദ്രകമ്മിറ്റിയുടെ നാലാം പ്ലീനറി സമ്മേേളനം അന്തിമരൂപം നൽകിയിട്ടുണ്ട്‌. അടിത്തറയ്‌ക്ക്‌ കൂടുതൽ ബലം പകർന്ന്‌ എല്ലാ രംഗത്തും മുന്നേറുകയെന്നതാണ്‌ അടിസ്ഥാനലക്ഷ്യം. സോഷ്യലിസ്‌റ്റ്‌ നവീകരണവും ഉൽപ്പാദനശക്തികളുടെ നിലവാരം ഉയർത്തലും ലക്ഷ്യമിടുന്നു. വികസനലക്ഷ്യങ്ങൾ രൂപപ്പെടുത്താനും പദ്ധതികൾ ആവിഷ്‌കരിക്കാനും കൃത്യമായ മുന്നൊരുക്കവും ആസൂത്രണവും അനിവാര്യമാണ്‌. അഞ്ച്‌ വർഷപദ്ധതികൾ ഇതിനു ഗുണകരമാണെന്ന്‌ ചൈനയുടെ അനുഭവം തെളിയിക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home