അബുദാബിയിൽ പ്രകൃതി ചരിത്ര മ്യൂസിയം തുറന്നു

അബുദാബി : സാദിയത്ത് കൾച്ചറൽ ഡിസ്ട്രിക്റ്റിൽ അബുദാബി പ്രകൃതി ചരിത്ര മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു. അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്‌ഘാടനം ചെയ്‌തു. അഞ്ചു വർഷംകൊണ്ട് പൂർത്തിയാക്കിയ മ്യൂസിയം പ്രപഞ്ചത്തിന്റെ മുഴുവൻ ചരിത്രത്തെയും ഉൾക്കൊള്ളുന്ന അമൂല്യ വസ്‌തുക്കളാൽ സമ്പന്നമാണ്.
45.8 കിലോഗ്രാം ഭാരമുള്ള ചന്ദ്രനിലെ വലിയ പാറക്കല്ലാണ് മ്യൂസിയത്തിലേക്ക് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. ടി റെക്‌സ് ഫോസിലുകൾ, വേലിയേറ്റം കുറഞ്ഞ സമയത്ത് കണ്ടൽക്കാടുകൾക്കിടയിൽ കണ്ടെത്തിയ തിമിംഗലത്തിന്റെ അസ്ഥികൂടം, കോടിക്കണക്കിന് വർഷം പഴക്കമുള്ള ശകലങ്ങൾ അടങ്ങിയ ഓസ്‌ട്രേലിയൻ ഉൽക്ക, നീലത്തിമിംഗലത്തിന്റെ തലയോട്ടി തുടങ്ങിയവ മ്യൂസിയത്തിലെ ആകർഷകമായ ചില കൗതുകങ്ങളാണ്.
യുഎഇ രൂപംകൊണ്ട 1971 ഡിസംബർ രണ്ടിന് അബുദാബിയുടെ ആകാശത്ത് രാത്രിയുടെ ദൃശ്യം ഉൾപ്പെടെ നിരവധി നക്ഷത്രങ്ങളുള്ള രാത്രി ആകാശമാണ് മ്യൂസിയത്തിന്റെ മറ്റൊരു ആകർഷണം. ആനകൾ, കടുവകൾ, ജിറാഫുകൾ, മുതലകൾ നിറഞ്ഞ ജീവജാലങ്ങളുള്ള സമ്പന്ന ഭൂപ്രകൃതിയായിരുന്ന 70 ലക്ഷം വർഷം പഴക്കമുള്ള അബുദാബിയുടെ പുനഃസൃഷ്ടിയും മ്യൂസിയത്തിൽ കാണാം.
‘ടാർഡിഗ്രേഡ്' എന്ന സൂക്ഷ്‌മജീവിയെ കേന്ദ്രീകരിച്ച് കുട്ടികൾക്കായുള്ള പ്രദർശനവും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്. ലോകോത്തര ശേഖരങ്ങൾ, ആകർഷകമായ സന്ദർശക അനുഭവങ്ങൾ, ശക്തമായ വിദ്യാഭ്യാസ പരിപാടികൾ, പ്രാപ്യമായ കമ്യൂണിറ്റി സയൻസ്, ദേശീയവും ആഗോളവുമായ സഹകരണത്തിലൂടെ സുസ്ഥിരമായ മാറ്റത്തിനായുള്ള പ്രതിബദ്ധത എന്നിവയുള്ള വിശ്വസനീയ ഗവേഷണ മ്യൂസിയമായി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് മ്യൂസിയം സ്ഥാപിച്ചത്. വാസ്‌തുശിൽപ്പികളായ മെക്കാനോ രൂപകൽപ്പന ചെയ്ത 35,000 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള മ്യൂസിയം, നമ്മുടെ പ്രപഞ്ചത്തിന്റെ ആരംഭംമുതൽ ഭൂമിയിലെ ജീവന്റെ കഥവരെ, നമ്മുടെ ഗ്രഹത്തിന്റെ ഭാവിയുടെ സാധ്യതകളും ഉത്തരവാദിത്വങ്ങളുംവരെ, കാലത്തിലൂടെയുള്ള ആഴത്തിലുള്ള യാത്ര വാഗ്‌ദാനം ചെയ്യുന്നു.








0 comments